| Friday, 30th December 2016, 10:54 am

മോദിയുടെ മണ്ടത്തരത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് : നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിരെ പ്രതികരണവുമായി സാമ്പത്തികവിദഗ്ധനും കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മോഹന്‍ ഗുരുസ്വാമി രംഗത്ത്.

മോദിയുടെ ഈ തീരുമാനം വലിയ മണ്ടത്തരമാണെന്ന് സെന്റര്‍ ഫോര്‍ പോളിസി അഡ്മിനിസ്‌ട്രേറ്റീവ് തലവന്‍ മോഹന്‍ ഗുരുസ്വാമി പ്രതികരിച്ചു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലൂടെ മോദി വിവേകശൂന്യമായ പ്രവൃത്തിയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു.

മോദിയുടെ മണ്ടത്തരത്തിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് മുകളില്‍ പുതിയ നയങ്ങളും മറ്റും അടിച്ചേല്‍പ്പിച്ച് അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും മോഹന്‍ ഗുരുസ്വാമി കുറ്റപ്പെടുത്തി.


ഇനിയുള്ള കാര്യങ്ങള്‍ നമുക്ക് കാത്തിരുന്ന് കാണാം. എന്നിരുന്നാലും നഷ്ടപ്പെട്ടതൊന്നും നമുക്കിനി തിരിച്ചുകിട്ടാന്‍ പോകുന്നില്ല. ജി.ഡി.പിയുടെ 2-3 ശതമാനം വരെ നഷ്ടമായിക്കഴിഞ്ഞു. അത് നഷ്ടപ്പെട്ടത് തന്നെയാണ്. അതാണ് യാഥാര്‍ത്ഥ്യം- മോഹന്‍ ഗുരുസ്വാമി പറയുന്നു

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ലെന്നും പ്രശ്‌നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി വങ്കയ്യാ നായിഡു തന്നെ ഇന്നലെ പ്രതികരിച്ചിരുന്നു.

നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കില്ലെന്നും എന്നാല്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ മോദി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എടിഎമ്മില്‍നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2,500ല്‍നിന്ന് 4,000 രൂപയായും ബാങ്കില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000ല്‍നിന്നു 40,000 രൂപയായും ഉയര്‍ത്തുമെന്നാണു സൂചന.

അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറന്‍സികള്‍ കൂടുതല്‍ ലഭ്യമായാല്‍ മാത്രമേ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുകയുളളുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ഇന്ന് ബാങ്കിങ് സമയം കഴിയുന്നതോടെ അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിത ഓഫീസുകളില്‍ മാത്രമാണ് പഴയനോട്ടുകള്‍ നേരിട്ട് മാറ്റിവാങ്ങാനാവുക.

മാര്‍ച്ച് 31 മുതല്‍ പത്തില്‍ കൂടുതല്‍ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴയടക്കേണ്ടി വരും.പിഴയ്ക്കൊപ്പം നാലുവര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഓഡിനന്‍സില്‍ പിഴ മാത്രമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more