നാഗ്പുര്‍: രാജ്യത്തെ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ വഞ്ചകരും സ്വാര്‍ത്ഥരുമാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിച്ചുകൊണ്ട് രാജ്യത്തെ അവര്‍ അഴിമതിയിലേക്കും അരാജകത്വത്തിലേക്കും ആശയക്കുഴപ്പത്തിലേക്കും നയിക്കുകയാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
ഉന്നത ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ യാഥാര്‍ത്ഥ്യത്തില്‍ ധാര്‍മികതയും നന്മയും ചിട്ടകളും ഇല്ലാതാക്കുകയാണെന്ന് ഭഗവത് ആരോപിച്ചു. രാജ്യം എല്ലാ കാലത്തും ഉയര്‍ത്തുന്നത് ലോകത്തിന്റെ ക്ഷേമമാണ്. എന്നാല്‍ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നവര്‍ സ്വാര്‍ത്ഥ താല്പര്യത്തിനായി രാജ്യത്തിനകത്ത് സംഘര്‍ഷവും കലാപവും ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം വാദിച്ചു.
ലോകരാഷ്ടങ്ങള്‍ തമ്മിലുള്ള ഐക്യത്തെ തകര്‍ക്കുകയെന്നത് സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുടെ ലക്ഷ്യമാണെന്നും ഭഗവത് പറഞ്ഞു. സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ പ്രതിഫലം നല്‍കി രാജ്യത്ത് വിവേചനാധികാര താല്‍പര്യങ്ങള്‍ വളര്‍ത്താന്‍ പ്രോത്സാഹനം നല്‍കുന്നതായും, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക നേതാക്കള്‍ ഒട്ടും പിന്നിലല്ലെന്നും ആര്‍.എസ്.എസ് മേധാവി ആരോപിച്ചു.
സമാധാനപരമായിരുന്ന മണിപ്പൂരില്‍ പരസ്പര വൈരാഗ്യവും സംഘര്‍ഷവും വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ക്രിയാത്മകവും ശക്തവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെ നിലനിര്‍ത്തുന്ന മൂല ഘടകങ്ങളായ മാതൃരാജ്യത്തോടുള്ള ഭക്തി, പൂര്‍വികരിലുള്ള അഭിമാനം, പൊതു സംസ്‌കാരം എന്നിവയോട് കുടിയേറ്റ വിശ്വാസങ്ങള്‍ പോലും ചേര്‍ന്ന് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2024 ജനുവരി 22ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുമെന്നും അതിന്റെ ഭാഗമായി രാജ്യത്ത് ഉടനീളമുള്ള ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ നടത്തണമെന്നും ഭഗവത് ആവശ്യപ്പെട്ടു.
വിജയദശമി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. പരിപാടിയില്‍ മുഖ്യാതിഥിയായി ഗായകന്‍ ശങ്കര്‍ മഹാദേവനും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ സ്വയം ബഹുമാനവും ആദരവും തോന്നുവെന്നും ആര്‍.എസ്.എസിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Mohan Bhagwat says that Cultural Marxists are anarchists