| Tuesday, 7th September 2021, 4:25 pm

വിവേകമുള്ള മുസ്‌ലിം നേതാക്കള്‍ തീവ്രവാദത്തെ എതിര്‍ക്കണം; ഹിന്ദുക്കളും മുസ്‌ലിങ്ങളും പങ്കിടുന്നത് ഒരേ പൈതൃകം; മോഹന്‍ ഭഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവേകമുള്ള മുസ്‌ലിം നേതാക്കള്‍ തീവ്രവാദത്തെ എതിര്‍ക്കണമെന്നും മതമൗലികവാദത്തോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത്. പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്ട്രാറ്റജി പോളിസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രതികരണം.

കശ്മീരി വിദ്യാര്‍ത്ഥികളും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ആര്‍.എസ്.എസ് അംഗങ്ങളുമായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കശ്മീര്‍ കേന്ദ്ര സര്‍വകലാശാല ചാന്‍സിലറായ റിട്ടയേര്‍ഡ് ലഫ്റ്റ്‌നന്റ് ജനറല്‍ സയ്ദ് അതാ ഹസ്‌നെയ്ന്‍ തുടങ്ങിയവരും യോഗത്തിന്റെ ഭാഗമായിരുന്നു. ‘രാഷ്ട്രമാണ് ആദ്യം, എല്ലാത്തിലുമുപരി രാഷ്ട്രമാണ്’ എന്ന വിഷയത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.

‘ഇസ്‌ലാം അധിനിവേശത്തിലൂടെയാണ് ഇന്ത്യയിലേക്ക് കടന്നുവന്നിട്ടുള്ളത്. ഇതൊരു ചരിത്ര വസ്തുതയാണ്, ആ വസ്തുത അങ്ങനെ തന്നെ അംഗികരിക്കപ്പെടേണ്ടതുമാണ്. വിവേകമുള്ള മുസ്‌ലിം നേതാക്കള്‍ തീവ്രവാദത്തെ എതിര്‍ക്കണം. അവര്‍ മതഭ്രാന്തിനെതിരെ ശക്തമായി രംഗത്തു വരണം. ഈ പ്രവര്‍ത്തികള്‍ ദീര്‍ഘകാല പ്രയത്‌നം കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു. ഇത് കഠിനമായ പരീക്ഷണമാണ്. നമ്മള്‍ എത്ര പെട്ടന്ന് ആരംഭിക്കുന്നുവോ, സമൂഹത്തിന് അത്രയും ഹാനി ഇല്ലാതാവും,’ മോഹന്‍ ഭഗവത് പറഞ്ഞു.

‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരേ പൈതൃകമാണ് പങ്കിടുന്നത്. ഞങ്ങളുടെ വിഭാവനയില്‍ ഹിന്ദു എന്നാല്‍ രാഷ്ട്രമെന്നും പണ്ടുകാലം മുതല്‍ക്കേ തുടര്‍ന്നു പോരുന്ന സംസ്‌കാരവും എന്നാണ് അര്‍ത്ഥം. ഹിന്ദു എന്ന പദം ജാതിമത ഭേദമന്യേ, സ്ഥലകാല ഭേദമന്യേ എല്ലാ ആളുകളേയും സൂചിപ്പിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണ്. ആരുടെയും മതവിശ്വാസങ്ങള്‍ ഇവിടെ അപമാനിക്കപ്പെടില്ല.’ ഭഗവത് പറഞ്ഞു.

രാജ്യത്ത് ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്നും മോഹന്‍ ഭഗവത് ആരോപിച്ചു.

‘ബ്രിട്ടീഷുകാര്‍ മുസ്‌ലിങ്ങളോട് പറഞ്ഞു, ഹിന്ദുക്കള്‍ക്കൊപ്പം നിന്നാല്‍ നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല, ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് ഭരണം ലഭിക്കുക. അവിടെ നിന്നും നിങ്ങള്‍ പിന്തള്ളപ്പെടും. അതുകൊണ്ട് പ്രത്യേക രാജ്യം ചോദിച്ചുവാങ്ങൂ, മുസ്‌ലിങ്ങള്‍ തീവ്രവാദികളാണ് നിങ്ങള്‍ അവരെ ആക്രമിക്കണം എന്ന് ഹിന്ദുക്കളോടും പറഞ്ഞു. അങ്ങനെയാണ് രാജ്യത്ത് ഹിന്ദു മുസ്‌ലിം വിദ്വേഷമുണ്ടായത്,’ മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mohan Bhagwat Says Muslim leaders to Opposes Extremism

We use cookies to give you the best possible experience. Learn more