നാഗ്പൂര്‍: എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും മഹാഭാരത്തില്‍ വരെ സ്വവര്‍ഗാനുരാഗികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പ്രഫുല്ല കേട്കറും പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയോടുള്ള നിലപാടിനെ കുറിച്ച് സംസാരിച്ചത്.
‘ഈ ആളുകള്‍ക്കും (എല്‍.ജി.ബി.ടി.ക്യു) ജീവിക്കാനുള്ള അവകാശമുണ്ട്. വലിയ കോലാഹലമൊന്നുമില്ലാതെ, അവര്‍ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതിനുള്ള ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ജീവിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല.
ഞങ്ങള്‍ക്കിടയിലും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുണ്ട്. അവര്‍ക്ക് അവരുടേതായ ഗ്രൂപ്പും ആരാധനാമൂര്‍ത്തികളുമുണ്ട്. കുംഭമേളയില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇത്തരത്തില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് അവര്‍,’ മോഹന്‍ ഭാഗവത് പറഞ്ഞു.
മഹാഭാരത്തിലെ ജരാസന്ധന്‍ രാജാവിന്റെ സേനാനികളായ ഹന്‍സിന്റെയും ദിംബകന്റെയും കഥ പറഞ്ഞുകൊണ്ടാണ് സ്വവര്‍ഗാനുരാഗത്തോടുള്ള ആര്‍.എസ്.എസ് നിലപാടിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ‘ദിംബക മരിച്ചെന്ന രീതിയില്‍ കൃഷ്ണന്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അത് കേട്ട ഹന്‍സ് സ്വയം ജീവനൊടുക്കി. അങ്ങനെയാണ് ജരാസന്ധന്റെ സേനാനികളെ കൃഷ്ണന്‍ ഒഴിവാക്കിയത്.
എന്താണ് ഈ കഥയിലൂടെ സൂചിപ്പിക്കുന്നത് എന്ന് ഒന്നാലോചിച്ചു നോക്കൂ, ആ രണ്ട് പട്ടാളക്കാരും തമ്മില്‍ എന്തോ ബന്ധമുണ്ടായിരുന്നു എന്നല്ലേ. ഇങ്ങനെയുള്ളവര്‍ (സ്വവര്‍ഗാനുരാഗികള്‍) നമ്മുടെ രാജ്യത്ത് എക്കാലവും ഉണ്ടായിരുന്നു.
മനുഷ്യനുണ്ടായ കാലം മുതല്‍ തന്നെ ഇത്തരം പ്രവണതകളുള്ളവരും ഉണ്ടായിട്ടുണ്ട്. ഇതൊരു ജീവിതരീതിയാണ്, ബയോളജിക്കലാണ്. ഞാനൊരു മൃഗ ഡോക്ടറായതുകൊണ്ട് തന്നെ, ഇത്തരം പ്രവണതകള്‍ മൃഗങ്ങള്‍ക്കിടയില്‍ വരെയുണ്ടെന്നും എനിക്കറിയാം,’ മോഹന്‍ ഭാഗവത് പറഞ്ഞു.
Content Highlight: Mohan Bhagwat says homosexuality is biological and supports LGBTQIA community