| Friday, 30th September 2022, 11:47 am

മാംസാഹാരം കഴിക്കുന്നതില്‍ അച്ചടക്കം പാലിക്കൂ, നിങ്ങളുടെ ഉള്ളില്‍ ഏകാഗ്രത വരും; മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അക്രമച്ചുവയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന വാദവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് വികാസ് മാന്‍ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതനിടെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

‘നിങ്ങള്‍ തെറ്റായ തരത്തിലുള്ള ഭക്ഷണം കഴിക്കരുത്. അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കും. ‘തമാസിക്’ ഭക്ഷണം കഴിക്കരുത്. അക്രമച്ചുവയുള്ള ഭക്ഷണം കഴിക്കരുത്,’ മോഹന്‍ ഭാഗവത് പറയുന്നു.

മീന്‍, മാംസം ഉള്‍പ്പെടെയുള്ള നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് തമാസിക് ഭക്ഷണങ്ങളെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ നോണ്‍-വെജ് കഴിക്കുന്നവരേയും ഇന്ത്യയിലുള്ളവരേയും താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ലോകത്തിലെ മറ്റിടങ്ങളിലുള്ളത് പോലെ ഇന്ത്യയിലും മാംസം കഴിക്കുന്നവരുണ്ട്. രാജ്യത്ത് മാസാഹാരം കഴിക്കാത്തവരുമുണ്ട്. ഇവര്‍ സംയമനം പാലിച്ചാണ് പെരുമാറുന്നത്. ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.

ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസത്തില്‍ മാംസാഹാരങ്ങള്‍ കഴിക്കില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അവര്‍ മാംസം പൂര്‍ണമായും ഒഴിവാക്കും.

മാംസാഹാരം കഴിക്കുന്നതില്‍ അച്ചടക്കം പാലിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഏകാഗ്രത വരും,’ ഭാഗവത് പറഞ്ഞു.

ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയും മാലിദ്വീപും ദുരിതത്തിലായപ്പോള്‍ സഹായിച്ചത് ഇന്ത്യ മാത്രമാണ്. മറ്റ് രാജ്യങ്ങള്‍ ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധിച്ചുവെന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി. ഇത് ഇന്ത്യയുടെ ആത്മീയതയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohan Bhagwat says avoid eating meat and your mind will be focused

We use cookies to give you the best possible experience. Learn more