| Wednesday, 12th June 2024, 12:38 pm

മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശം വെളിവാക്കുന്നത്, ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത: ഭൂപേഷ് ബാഗേൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: രാഷ്ട്രീയ സ്വയം സേവക തലവൻ മോഹൻ ഭഗവതിന്റെ മണിപ്പൂരിനെക്കുറിച്ചുള്ള പരാമർശം ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ. കഴിഞ്ഞ ദിവസം പി.ടി.ഐയോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണകൂടം അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നുമായിരുന്നു ഭഗവത് പറഞ്ഞത്. അതോടൊപ്പം തന്നെ ഒരു യഥാർത്ഥ ജനസേവകന് തന്റെ ജനങ്ങളെ വേദനിപ്പിക്കാനാവില്ലെന്നനും അദ്ദേഹം പറഞ്ഞിരുന്നു. മണിപ്പൂർ കലാപം നടന്ന് ഒരു വർഷത്തിന് ശേഷമാണ് മോഹൻ ഭാഗവത് ഈ പരാമർശവുമായി രംഗത്തെത്തുന്നത്.

‘ഒരു യഥാർത്ഥ ജനസേവകന് തന്റെ ജനങ്ങളെ വേദനിപ്പിക്കാനാവില്ല. മണിപ്പൂരിന് അടിയന്തരമായ സഹായം ആവശ്യമാണ്. ഭരണകൂടം തങ്ങളുടെ ശ്രദ്ധ മണിപ്പൂരിലേക്ക് കേന്ദ്രീകരിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ഇപ്പോൾ കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ എത്തിയിരിക്കുകയാണ്. ഭഗവത് പറയുന്ന ജനസേവകരെ അദ്ദേഹം സ്വന്തം പാർട്ടിയിൽ തന്നെ കണ്ടിട്ടുണ്ടാകുമെന്നും സ്വന്തം അനുഭവത്തിൽ നിന്നാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും ബാഗേൽ പറഞ്ഞു.

‘മണിപ്പൂർ കലാപം നടന്ന് ഒരു വർഷത്തിന് ശേഷം ഭഗവത് ഇപ്പോൾ കലാപത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നത് ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള സംഘർഷമാണ്. അദ്ദേഹം തന്റെ പരാമർശത്തിൽ ജനസേവകരെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം അത്തരം ജനസേവകരെ സ്വന്തം പാർട്ടിയിൽ തന്നെയാകും കണ്ടിട്ടുണ്ടാവുക,’ ബാഗേൽ കൂട്ടിച്ചേർത്തു.

ബാഗേലിനെ കൂടാതെ രാജ്യസഭ എം.പി കപിൽ സിബലും ഭഗവതിന്റെ പരാമർശത്തിനെതിരെ വന്നിട്ടുണ്ട്. അതോടൊപ്പം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ചു. പ്രതിപക്ഷം മണിപ്പൂരിനെക്കുറിച്ചുള്ള ആശങ്കകൾ നിരവധി തവണ പ്രകടിപ്പിച്ചിട്ടുണ്ടെകിലും മോദി അത് ചെവികൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷം നിരവധി തവണ മണിപ്പൂരിനെക്കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം അത് ചെവികൊണ്ടിട്ടില്ല. മണിപ്പൂർ മുഖ്യമന്ത്രി ബീരേന് സിങ്ങിനെ പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെസലിംഗ്‌ ബോഡി ചീഫ് ആയ ബ്രിഡ്ജ് ഭൂഷണപ്പോലും മോദിക്ക് പുറത്താക്കാനായില്ല,’ അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ കലാപം പൊട്ടിപ്പുറപ്പെട്ടത് 2023 മെയ് ആദ്യ വാരമായിരുന്നു. സംസ്ഥാനത്തെ മെയ്‌തേയ്, കുംകി എന്നീ വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന സംഘർഷം കലാപമായി മാറുകയായിരുന്നു. കുറഞ്ഞത് 225 ആളുകൾ കൊല്ലപ്പെടുകയും 60000 ത്തിൽ അധികം ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

അടുത്തിടെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ നടത്തിയ ഒരു പരാമർശവും ബി.ജെ.പിയും ആർ.എസ്.എസും തമ്മിലുള്ള അസ്വാരസ്യങ്ങൾ പ്രകടമാക്കുന്നതായിരുന്നു . മുമ്പ് ആർ.എസ്.എസിന് ബി.ജെ.പിയെ പിന്തുണച്ച് നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് തങ്ങൾ സ്വയം പര്യാപ്തരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Mohan Bhagwat’s Manipur comments reveal disagreements between RSS and BJP: Congress’ Bhupesh Baghel

We use cookies to give you the best possible experience. Learn more