ന്യൂദല്‍ഹി: പിന്നാക്ക സംവരണം എന്‍.ഡി.എ സര്‍ക്കാര്‍ എടുത്തുകളയുമെന്ന് സൂചന നല്‍കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംവരണത്തെ അനുകൂലിക്കുന്നവരും അതിനെതിരായവരും തമ്മില്‍ ഐക്യമുണ്ടാക്കാന്‍ പരസ്പരം സംവാദം നടത്തണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
ആര്‍.എസ്.എസിന്റെ ‘ഗ്യാന്‍ ഉത്സവ്’ മത്സര പരീക്ഷക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് സംവരണം ഇല്ലാതാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ആര്‍.എസ്.എസ് തലവന്‍ സൂചന നല്‍കിയത്.
‘സംവരണത്തെ അനുകൂലിക്കുന്നവര്‍ സംവരണത്തെ എതിര്‍ക്കുന്നവരെയും തിരിച്ചും പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു മിനിറ്റിനുള്ളില്‍ നിയമമില്ലാതെ, നിയമങ്ങളില്ലാതെ നമുക്ക് ഇതിന് പരിഹാരം കാണാന്‍ കഴിയും. ആ നിമിഷം വരാതെ രാജ്യത്ത് ഐക്യമുണ്ടാകില്ല. ആരും ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ഞങ്ങള്‍ അതിന് ശ്രമിക്കുകയാണെന്നും’- മോഹന്‍ ഭഗവത് പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് സ്വാധീനം ചെലുത്തുന്നില്ലെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി. ബി.ജെ.പിയിലും കേന്ദ്ര സര്‍ക്കാറിലും പ്രവര്‍ത്തിക്കുന്ന സംഘ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെ കേള്‍ക്കും. അതിനര്‍ത്ഥം, അവര്‍ എല്ലാ കാര്യത്തിലും ഞങ്ങളെ അംഗീകരിക്കുന്നുവെന്നല്ല, തീര്‍ച്ചയായും വിയോജിപ്പുകളുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 2015ല്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും സംവരണത്തിനെതിരെ മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കിയിരുന്നു. സംവരണ നയം പുനപ്പരിശോധിക്കേണ്ടാതുണ്ടെന്നാണ് അന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ദലിത് വിരുദ്ധ മുഖമാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലെ ട്വീറ്റ് ചെയ്തു. ഭരണഘടന തിരുത്തി പാവങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.