| Friday, 29th December 2017, 10:27 am

പാലക്കാട് സ്‌കൂളില്‍ മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം; നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ചട്ടംലംഘിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെയാണ് നടപടി. നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്നും പരിശോധിക്കും.

അതേസമയം ചടങ്ങില്‍ നാഷണല്‍ ഫ്ലാഗ് കോഡിന്റെ ലംഘനവും നടന്നതായി ആരോപണമുണ്ടായിരുന്നു. ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം പ്രതിജ്ഞ ചൊല്ലണമെന്നും ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്നുമാണ് നിയമം. എന്നാല്‍ പ്രതിജ്ഞക്ക് ശേഷം സ്‌കൂളിലെ പരിപാടിയില്‍ വന്ദേമാതരമാണ് ആലപിച്ചിരുന്നത്.

സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചട്ടലംഘനം ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ കലക്ടര്‍ മേരിക്കുട്ടി സ്‌കൂള്‍ മാനേജ്മെന്റിനും ജില്ലാ പൊലീസ് മേധാവിക്കും അന്ന് തന്നെ കത്ത് നല്‍കിയിരുന്നു.

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പതാക ഉയര്‍ത്തുന്നത് ചട്ട ലംഘനമാണെന്നും പ്രധാന അധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമാണ് ഇതിന് അധികാരമെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം പരിപാടി നടത്തരുതെന്നുമായിരുന്നു ഇതില്‍ നിര്‍ദേശം നല്‍കിയത്.

സ്വാതന്ത്യദിനത്തില്‍ ദേശീയപതാക രാജ്യത്തെ ഏതൊരു പൗരനും ഉയര്‍ത്താമെങ്കിലും സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് പ്രത്യേക ചട്ടം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. പ്രധാനാധ്യാപകരോ ജനപ്രതിനിധികളോ ഇത് നിര്‍വഹിക്കണമെന്നാണ് ചട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദേശം മറികടന്ന് സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ നിയമവിരുദ്ധമോ ചട്ടവിരുദ്ധമോ ആയ കാര്യങ്ങള്‍ സ്‌കൂളില്‍ നടന്നിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ മാനേജ്മെന്റിന്റെ വാദം.

We use cookies to give you the best possible experience. Learn more