| Thursday, 2nd November 2023, 8:27 am

അവിസ്മരണീയമായ നേട്ടവുമായി മലപ്പുറംകാരന്‍; ബഗാന്‍ വിജയകുതിപ്പ് തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന് ജയം. ജംഷദ്പൂര്‍ എഫ്.സിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ആവേശകരമായ വിജയമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആറാം മിനിട്ടില്‍ ജംഷദ്പൂരിന്റെ ആദ്യ ഗോള്‍ നേടിയത് മലയാളി താരമായ മുഹമ്മദ് സനാന്‍ ആയിരുന്നു. ഈ ഗോളോടെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാനും മലയാളി താരത്തിന് സാധിച്ചു.

ഈ സീസണില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കാണ് ഈ 19കാരന് നടന്നുകയറിയത്. മോഹന്‍ ബഗാന്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നും പന്തെടുത്ത സനാന്‍ പെനാല്‍ട്ടി ബോക്‌സിന്റെ പുറത്ത് നിന്നും ഷൂട്ട് ചെയ്യുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിയാണ് സനാന്‍.

മത്സരത്തിന്റെ 29ാം മിനിട്ടില്‍ സാദിക്കു മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടി. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലെ 48ാം മിനിട്ടില്‍ കോളോക്കോയിലൂടെ ബഗാന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

മത്സരത്തിന്റെ 67ാം മിനിട്ടില്‍ ജംഷദ്പൂരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹ്നേഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീടുള്ള സമയങ്ങളില്‍ ജംഷഡ്പൂര്‍ പത്ത് പേരായി കളിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് 80ാം മിനിട്ടില്‍ നാസിറിയിലൂടെ ബഗാന്‍ മൂന്നാം ഗോള്‍ നേടി.

86ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി സ്റ്റീവ് അബ്രി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജംഷദ്പൂര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ സമനില ഗോളിനായി അവസാന നിമിഷം വരെ പോരാടിയെങ്കിലും ഫലം കാണാതെപോയത് ജംഷഡ്പൂരിന് തിരിച്ചടിയായി. അവസാനം 3-2ന്റെ തകര്‍പ്പന്‍ വിജയം മോഹന്‍ ബഗാന്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ നാല് വിജയവുമായി അപരാജിത കുതിപ്പ് തുടരാനും ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബഗാന് സാധിച്ചു. അതേസമയം ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ജംഷദ്പൂര്‍.

Content Highlight: Mohun Bagan won against jamshadpur FC in ISL.

We use cookies to give you the best possible experience. Learn more