| Thursday, 5th August 2021, 4:47 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമ്പോള്‍ വാഗ്ദാനം ചെയ്ത നിക്ഷേപവും ജോലിയും വികസനവും എവിടെപ്പോയി; കശ്മീര്‍ ജനത നീണ്ടപോരാട്ടങ്ങളിലൂടെ നേടിയതെല്ലാം കേന്ദ്രം നശിപ്പിക്കുന്നെന്ന് തരിഗാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ ജനതയെയും രാജ്യത്തെയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിച്ച വഞ്ചനാപരമായ തീരുമാനമായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ബി.ജെ.പി ചെയ്തതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീരിലെ മുന്‍ എം.എല്‍.എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് ബുധനാഴ്ച ഒരു വര്‍ഷമാകുന്ന പശ്ചത്തലത്തില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് തരിഗാമി മനസുതുറക്കുന്നത്.

ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ടയാണ് ഒരു വര്‍ഷം മുമ്പ് നടപ്പില്‍ വരുത്തിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും മതനിരപേക്ഷതയെ വിലമതിച്ചും മാത്രമേ കശ്മീരിന്റെ മുറിവുണക്കാനാകുകയുള്ളൂ. ഇത് മതനിരപേക്ഷ, ജനാധിപത്യശക്തികള്‍ തിരിച്ചറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ആഗസ്റ്റ് അഞ്ച് ജമ്മു കശ്മീരിനെ സംബന്ധിച്ച് ഇരുണ്ട ദിനമായി മാറി. അമിതാധികാര വാഴ്ചയുടെ അപകടകരമായ അരങ്ങേറ്റമായിരുന്നു അന്ന് പാര്‍ലമെന്റിലും കണ്ടത്. മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കി.

യഥാര്‍ഥത്തില്‍ കശ്മീര്‍ താഴ്വരയെ മുഴുവന്‍ വലിയൊരു ജയിലാക്കി മാറ്റിക്കൊണ്ടാണ് ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുത്തത്. വിപുലമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് എല്ലാവിധ വാര്‍ത്താവിനിമയ സംവിധാനങ്ങളും അടച്ചിട്ടു,’ തരിഗാമി ലേഖനത്തില്‍ പറഞ്ഞു.

നരേന്ദ്ര മോദിയും അമിത് ഷായും പ്രഖ്യാപിച്ചത് ഇത് മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുമെന്നാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എന്ത് വികസനമാണ് ഇവിടെ ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജമ്മു കശ്മീരിലെ ജനാധിപത്യം പൂര്‍ണമായും ഇല്ലാതാക്കി പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അടിച്ചമര്‍ത്തി എന്നതൊഴിച്ചാല്‍ 370 അനുച്ഛേദം എടുത്തുകളഞ്ഞതിലുടെ മറ്റ് നേട്ടങ്ങളൊന്നുമുണ്ടായില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എന്ത് വികസനമാണ് ഇവിടെ ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട നിക്ഷേപം എവിടെ, തൊഴില്‍ സാധ്യത എവിടെ എന്നതിന് ഉത്തരമില്ല.

പുതിയ വികസനമോ തൊഴിലവസരങ്ങളോ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, നിലവില്‍ ദിവസവേതനത്തിനും താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്കും വിവിധ പദ്ധതിതൊഴിലാളികള്‍ക്കും മാസങ്ങളായി അര്‍ഹതപ്പെട്ട വേതനം നല്‍കുന്നില്ല’ തരിഗാമി ലേഖനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് അടിസ്ഥാന ജീവനോപാധികള്‍ ലഭ്യമാക്കുന്നതില്‍ ജമ്മു കശ്മീര്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു വര്‍ഷത്തെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള കാലയളവ് താഴ്വരയുടെ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തു. 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കശ്മീര്‍ ചേംബര്‍ ഓഫ് കോമേഴ്സ് വിലയിരുത്തിയിരിക്കുന്നു.

ജമ്മുവിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ തൊഴില്‍രഹിതനിരക്ക് ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയാണ്. വിനോദസഞ്ചാരം, ഗതാഗതം, കരകൗശല മേഖലകളും കൃഷിയും അനുബന്ധമേഖലകളും കടുത്ത തകര്‍ച്ചയിലാണ്,’ തരിഗാമി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ ജനാധിപത്യം പൂര്‍ണമായും ഇല്ലാതാക്കി പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അടിച്ചമര്‍ത്തി എന്നതൊഴിച്ചാല്‍ 370 അനുച്ഛേദം എടുത്തുകളഞ്ഞതിലുടെ മറ്റ് നേട്ടങ്ങളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികളെന്ന് ആരോപിച്ച് വെടിവച്ചുകൊല്ലുന്നവരുടെ മൃതദേഹംപോലും കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മത്തിന് അവസരം നല്‍കാതെ നിയമവിരുദ്ധമായി വിദൂരപ്രദേശങ്ങളില്‍ ഇത്തരത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതോടെ തീവ്രവാദം അവസാനിപ്പിക്കാനാകുമെന്നായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, അടുത്തകാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ താഴ്വരയില്‍ വര്‍ധിച്ചിരിക്കുകയാണ്,’ തരിഗാമി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHT: Mohammed Yousuf Tarigami says the Center is destroying everything the people of Kashmir have achieved through long struggles

We use cookies to give you the best possible experience. Learn more