| Sunday, 17th September 2023, 4:54 pm

16 പന്തില്‍ നാല് റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ്; മിന്നലിനേക്കാള്‍ വേഗത്തില്‍ ഇതിഹാസ റെക്കോഡുമായി സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് ഫൈനലില്‍ ഇതിഹാസ റെക്കോഡുമായി സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ്. ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന ബൗളര്‍ എന്ന ചരിത്ര നേട്ടമാണ് സിറാജ് പൂര്‍ത്തിയാക്കിയത്. 2.4 ഓവറിലാണ് സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലെയും വേഗമേറിയ ഫൈഫറാണിത്.

തന്റെ സ്‌പെല്ലിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയാണ് സിറാജ് ആരംഭിച്ചത്. സ്‌ട്രൈക്കിലുണ്ടായിരുന്ന കുശാല്‍ പെരേരയെ സിറാജിന്റെ പേസും ലൈനും ലെങ്തും വെള്ളംകുടിപ്പിച്ചപ്പോള്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ താരത്തിന് സാധിച്ചില്ല.

തന്റെ അടുത്ത ഓവറിലാണ് സിറാജ് വിക്കറ്റ് വീഴ്ത്താന്‍ ആരംഭിച്ചത്. പാതും നിസങ്ക ജഡേജയുടെ കയ്യില്‍ ഒതുങ്ങുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ എട്ട് റണ്‍സ് മാത്രമായിരുന്നു. അവിടംകൊണ്ട് നിര്‍ത്താന്‍ സിറാജ് ഒരുക്കമായിരുന്നില്ല.

അടുത്ത ഊഴം ചരിത് അസലങ്കക്കായിരുന്നു. ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ അസലങ്ക കൂടാരം കയറി. ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയായിരുന്നു കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം മടങ്ങിയത്.

ഹാട്രിക് ലക്ഷ്യമിട്ടെറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ധനഞ്ജയ ഡി സില്‍വ സിറാജിനെ മിഡ് ഓണിലൂടെ ബൗണ്ടറി കടത്തി. എന്നാല്‍ അതൊന്നും വകവെക്കാതെ സിറാജ് വീണ്ടും ഡി സില്‍വയെ ആക്രമിച്ചു. തൊട്ടടുത്ത പന്തില്‍ സില്‍വ രാഹുലിന് ക്യാച്ച് നല്‍കി പവലിയനിലേക്ക്.

ആ ഓവറില്‍ W, 0, W, W, 4, W എന്നിങ്ങനെയാണ് സിറാജ് പന്തെറിഞ്ഞത്.

ജസ്പ്രീത് ബുംറയുടെ മെയ്ഡന് ശേഷം സിറാജ് വീണ്ടും ലങ്കയെ കടന്നാക്രമിച്ചു. ഓവറിലെ നാലാം പന്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ക്ലീന്‍ ബൗള്‍ഡായി മടങ്ങി. ഇന്നിങ്‌സിലെ 16ാം പന്തില്‍ സിറാജിന് അഞ്ചാം വിക്കറ്റ്. അഞ്ച് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിക്കുമ്പോള്‍ വെറും നാല് റണ്‍സ് മാത്രമായിരുന്നു സിറാജ് വഴങ്ങിയത്.

ഇതോടെ പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നേടിയ താരം എന്ന ലങ്കന്‍ ലെജന്‍ഡ് ചാമിന്ദ വാസിന്റെ റെക്കോഡിനൊപ്പം സിറാജ് തന്റെ പേരെഴുതിച്ചേര്‍ത്തു.

ഇതിന് പുറമെ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയിലേക്കും സിറാജ് കാലെടുത്തുവെച്ചു.

ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – രാജ്യം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ചാമിന്ദ വാസ് – ശ്രീലങ്ക – ബംഗ്ലാദേശ് – 2003

മുഹമ്മദ് സമി – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 2003

ആദില്‍ റഷീദ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 2019

മുഹമ്മദ് സിറാജ് – ഇന്ത്യ – ശ്രീലങ്ക – 2023

അതേസമയം, 11 ഓവര്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക 33ന് ആറ് എന്ന നിലയിലാണ്. 19 പന്തില്‍ എട്ട് റണ്‍സുമായി ദുനിത് വെല്ലലാഗയും 32 പന്തില്‍ 17 റണ്‍സുമായി കുശാല്‍ മെന്‍ഡിസുമാണ് ക്രീസില്‍.

Content Highlight: Mohammed Siraj with fastest 5 wicket haul in cricket

We use cookies to give you the best possible experience. Learn more