വന്‍മരങ്ങളായ ബുംറയും ഷമിയും അമിത് മിശ്രയും വീണു; റെക്കോഡ് തട്ടിയെടുത്ത് സിറാജ്
Sports News
വന്‍മരങ്ങളായ ബുംറയും ഷമിയും അമിത് മിശ്രയും വീണു; റെക്കോഡ് തട്ടിയെടുത്ത് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th January 2023, 1:40 pm

ഒരു കാലത്ത് ചെണ്ട സിറാജായും ഡിന്‍ഡ അക്കാദമിയുടെ പ്രിന്‍സിപ്പാളായും ഏറെ വിമര്‍ശനങ്ങളും അതിലേറെ ട്രോളുകളും ഏറ്റുവാങ്ങിയ താരമായിരുന്നു മുഹമ്മദ് സിറാജ്.

അവിടെ നിന്നും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായിട്ടായിരുന്നു സിറാജ് തിരിച്ചുവന്നത്. നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമെന്ന് സിറാജിനെ ചൂണ്ടി ഏതൊരാള്‍ക്കും പറയാന്‍ സാധിക്കും.

ഇന്ത്യയുടെ മോസ്റ്റ് ഡിപ്പന്‍ഡബിള്‍ ബൗളറായിട്ടായിരുന്നു സിറാജിന്റെ തിരിച്ചുവരവ്. രണ്ടാം വരവില്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തിയും തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചുമാണ് സിറാജ് 22 യാര്‍ഡ് പിച്ചില്‍ വിസ്മയം തീര്‍ക്കുന്നത്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് മത്സരത്തിലും ആവര്‍ത്തിച്ച മികവ് സിറാജ് കഴിഞ്ഞ ദിവസം തന്റെ ഹോം ഗ്രൗണ്ടായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലും പുറത്തെടുത്തിരുന്നു.

ഇന്ത്യന്‍ നിരയിലെ ബൗളര്‍മാരെല്ലാം തന്നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടി വാങ്ങി കൂട്ടിയപ്പോള്‍ തകര്‍ത്തെറിഞ്ഞത് സിറാജായിരുന്നു. പത്ത് ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

ഡെവോണ്‍ കോണ്‍വേ, ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടോം ലാഥം, മിച്ചല്‍ സാന്റ്‌നര്‍, ഹെന്റി ഷിപ്‌ലി എന്നിവരാണ് സിറാജിന് മുമ്പില്‍ വീണത്.

ഇതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിടയില്‍ ബെസ്റ്റ് ബൗളിങ് ആവറേജ് കണ്ടെത്താനും സിറാജിന് സാധിച്ചിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ അമിത് മിശ്ര, പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ മറികടന്നുകൊണ്ടായിരുന്നു ഹൈദരാബാദ് എക്‌സ്പ്രസ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ആവേറേജ് (മിനിമം 150 ഓവര്‍)

മുഹമ്മദ് സിറാജ് – 21.0

അമിത് മിശ്ര – 23.6

ജസ്പ്രീത് ബുംറ – 24.3

മുഹമ്മദ് ഷമി – 26.3

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സിറാജിന്റെ ബൗളിങ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന്.

ഹൈദരാബാദില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു.

ജനുവരി 21നാണ് പരമ്പരയിലെ രണ്ടാം മത്സരം.

റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

Content Highlight: Mohammed Siraj surpasses Amit Mishra, Jasprit Bumrah and Mohammed Shami