ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്പിന്നര്‍മാരെ തുണക്കുമെന്ന് വിശ്വസിച്ച പിച്ചില്‍ ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് പേസര്‍മാരായിരുന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഒരുപോലെ ഓസീസിനെ വിറപ്പിക്കുകയാണ്.
ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ നിരയില്‍ കരുത്തായത്. ഓസീസ് ഇന്നിങ്‌സിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് തുടക്കത്തില്‍ തന്നെ തന്റെ മാന്ത്രികത വ്യക്തമാക്കിയിരുന്നു.
എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഓസീസ് സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി സിറാജ് മടക്കുകയായിരുന്നു. മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രം നേടിയാണ് ഖവാജ പുറത്തായത്.
വണ്‍ ഡൗണായെത്തിയ സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലബുഷാന് ഓവറിലെ ശേഷിച്ച അഞ്ച് പന്തും തൊടാന്‍ പോലും സാധിച്ചിരുന്നില്ല.
സിറാജിന്റെ ഷോക്ക് ട്രീറ്റ്‌മെന്റിന് ശേഷം അടുത്ത അവസരം മുഹമ്മദ് ഷമിയുടേതായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമിയും തന്റെ വെടിക്കെട്ടിന് തുടക്കമിട്ടത്. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിയാണ് വാര്‍ണറും പുറത്തായത്.
നിലവില്‍, ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിയുമ്പോള്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. 50 പന്തില്‍ നിന്നും 15 റണ്‍സുമായി മാര്‍നസ് ലബുഷാനും 20 പന്തില്‍ നിന്നും ആറ് റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
ഷമിക്കും സിറാജിനും പുറമെ സ്പിന്നര്‍മാരും തങ്ങളുടെ മാജിക് കാണിച്ചുതുടങ്ങിയിട്ടുണ്ട്. മൂന്ന് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ രണ്ട് റണ്‍സ് മാത്രം വഴങ്ങിയ അക്‌സര്‍ പട്ടേലും എറിഞ്ഞ ഒരേയൊരു ഓവര്‍ മെയ്ഡനാക്കിയ ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ മറ്റ് താരങ്ങള്‍.
Content Highlight: Mohammed Siraj strikes in the very first ball, India vs Australia 1st Test