|

ഒറ്റ വര്‍ഷം, 279ാം റാങ്കില്‍ നിന്നും മൂന്നാം റാങ്കിലേക്ക്; ഒരേയൊരു പേര് മുഹമ്മദ് 'സൂപ്പര്‍' സിറാജ് | D Sports

ആദര്‍ശ് എം.കെ.

ഒരു കാലത്ത് ചെണ്ട സിറാജായും ഡിന്‍ഡ അക്കാദമിയുടെ പ്രിന്‍സിപ്പാളായും ഏറെ വിമര്‍ശനങ്ങളും അതിലേറെ ട്രോളുകളും ഏറ്റുവാങ്ങിയ താരമായിരുന്നു മുഹമ്മദ് സിറാജ്.

അവിടെ നിന്നും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായിട്ടായിരുന്നു സിറാജ് തിരിച്ചുവന്നത്. നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമെന്ന് സിറാജിനെ ചൂണ്ടി ഏതൊരാള്‍ക്കും പറയാന്‍ സാധിക്കും.

ഇന്ത്യയുടെ മോസ്റ്റ് ഡിപ്പന്‍ഡബിള്‍ ബൗളറായിട്ടായിരുന്നു സിറാജിന്റെ തിരിച്ചുവരവ്. രണ്ടാം വരവില്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തിയും തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചുമാണ് സിറാജ് 22 യാര്‍ഡ് പിച്ചില്‍ വിസ്മയം തീര്‍ക്കുന്നത്.

വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ സിറാജില്‍ വന്ന മാറ്റങ്ങള്‍ ചില്ലറയല്ല. അപമാന ഭാരത്തില്‍ നിന്നും പോരാടാനുറച്ച ഒരു അത്‌ലറ്റിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍ സാക്ഷ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത്. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെയുള്ള സിറാജിന്റെ പ്രകടനങ്ങളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതി, അവന്റെ കുതിപ്പിന്റെ വേഗവും സ്ഥിരതയുമറിയാന്‍.

ഐ.സി.സി റാങ്കിങ്ങിലെ താരത്തിന്റെ കുതിച്ചു ചാട്ടം അതിന്റെ ഉദാഹരണമാണ്. 2022 ജനുവരിയില്‍ ഐ.സി.സി ബൗളര്‍മാരുടെ പട്ടികയില്‍ 279ാം റാങ്കുകാരനായ സിറാജ് 2022 ഡിസംബര്‍ ആയപ്പോഴേക്കും റാങ്കിങ് 18 ആയി മെച്ചപ്പെടുത്തി.

ഒരു മാസത്തിനിപ്പുറം, അതായത് 2023 ജനുവരിയിലെത്തുമ്പോള്‍ സിറാജിന്റെ ഏകദിന ബൗളിങ് റാങ്കിങ് മൂന്നിലെത്തി നില്‍ക്കുന്നു. മുമ്പിലുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡും ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടും മാത്രം.

685 റേറ്റിങ്ങോടെയാണ് സിറാജ് മൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രണ്ടാമതുള്ള ജോഷ് ഹെയ്‌സല്‍വുഡിനെക്കാള്‍ 20 റേറ്റിങ് മാത്രം കുറവ്. വൈകാതെ തന്നെ റാങ്കിങ്ങിലെ തലപ്പത്തേക്കെത്താനും സിറാജിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

2022 മുതല്‍ ഇങ്ങോട്ടുള്ള സിറാജിന്റെ ഏകദിനത്തിലെ ബൗളിങ് സ്റ്റാറ്റ്സുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം,

ആകെ കളിച്ചത് 20 മത്സരങ്ങള്‍, അതില്‍ നിന്നും 38 വിക്കറ്റുകള്‍. മികച്ച ബൗളിങ് പ്രകടനം ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ പുറത്തെടുത്ത 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയത്.

ബൗളിങ് ശരാശരയിലേക്ക് വരുമ്പോള്‍ അത് 18.73, എക്കോണമിയാകട്ടെ 4.43 മാത്രവും, ഒപ്പം 25.3 എന്ന സ്ട്രൈക്ക് റേറ്റും.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ലഭിക്കാന്‍ പോന്ന പ്രകടനമായിരുന്നു സിറാജ് കാഴ്ചവെച്ചത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും ലങ്കന്‍ ബാറ്റര്‍മാര്‍ സിറാജിന്റെ പന്തിന്റെ ചൂടറിയാതെ പോയിട്ടില്ല.

ന്യൂസിലാന്‍ഡ്-ഇന്ത്യ പര്യടനത്തിലും സിറാജിന് മാറ്റമൊന്നുമില്ല. അവശ്യ സമയങ്ങളില്‍ ടീമിന് ബ്രേക്ക് ത്രൂ നല്‍കിയും പവര്‍ പ്ലേകളിലടക്കം റണ്‍ വഴങ്ങാതെ ടീമിന് കരുത്തായും സിറാജ് പന്തെറിഞ്ഞുകൊണ്ടേയിരിക്കുന്നു.

റായ്പൂരില്‍ വെച്ച് നടന്ന കഴിഞ്ഞ മത്സരത്തില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ് വെറും പത്ത് റണ്‍സ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും സ്വന്തമാക്കി.

ഇതിന് പുറമെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ആവറേജ് എന്ന നേട്ടവും അമിത് മിശ്രയെ മറികടന്നുകൊണ്ട് സിറാജ് സ്വന്തമാക്കിയിരുന്നു.

കപില്‍ ദേവും ജവഗല്‍ ശ്രീനാഥും കൊളുത്തിവിട്ട ദീപശിഖ ഇര്‍ഫാന്‍ പത്താന്റെയും സഹാര്‍ ഖാന്റെയും ബുംറയുടെയും ഷമിയുടെയും കൈകള്‍ കടന്ന് ഇന്നിപ്പോള്‍ സിറാജിലെത്തി നില്‍ക്കുകയാണ്. ആ തീ കെടാതെ അവന്‍ ടീമിന് വഴികാട്ടിയാകുമെന്നുറപ്പാണ്.

Content highlight:  Mohammed Siraj’s incredible bowling figures

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.