ഒരു കാലത്ത് ചെണ്ട സിറാജായും ഡിന്‍ഡ അക്കാദമിയുടെ പ്രിന്‍സിപ്പാളായും വിമര്‍ശന ശരങ്ങളേറ്റുവാങ്ങിയിരുന്ന താരമായിരുന്നു മുഹമ്മദ് സിറാജ്.
അവിടെ നിന്നും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായിട്ടായിരുന്നു സിറാജിന്റെ മടങ്ങി വരവ്. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാഹരണമെന്ന് സിറാജിനെ ചൂണ്ടി ഏതൊരാള്‍ക്കും പറയാന്‍ സാധിക്കും.
ഇന്ത്യക്ക് എന്നും എപ്പോഴും ആശ്രയിക്കാവുന്ന ബൗളറായിട്ടായിരുന്നു സിറാജിന്റെ തിരിച്ചുവരവ്. രണ്ടാം വരവില്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തിയും തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചുമാണ് സിറാജ് ക്രിക്കറ്റ് മൈതാനത്ത് വിസ്മയമാകുന്നത്.
വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ സിറാജില്‍ വന്ന മാറ്റങ്ങള്‍ ചില്ലറയല്ല. അപമാന ഭാരത്തില്‍ നിന്നും പോരാടാനുറച്ച ഒരു അത്‌ലറ്റിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍ സാക്ഷ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത്. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെയുള്ള സിറാജിന്റെ പ്രകടനങ്ങളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതി, അവന്റെ കുതിപ്പിന്റെ വേഗവും സ്ഥിരതയുമറിയാന്‍.
ഐ.സി.സി റാങ്കിങ്ങിലെ താരത്തിന്റെ കുതിച്ചു ചാട്ടം അതിന്റെ ഉദാഹരണമാണ്. 2022 ജനുവരിയില്‍ ഐ.സി.സി ബൗളര്‍മാരുടെ പട്ടികയില്‍ 279ാം റാങ്കുകാരനായ സിറാജ് 2022 ഡിസംബര്‍ ആയപ്പോഴേക്കും റാങ്കിങ് 18 ആയി മെച്ചപ്പെടുത്തി.
ഒരു മാസത്തിനിപ്പുറം, 2023 ജനുവരിയിലെത്തുമ്പോള്‍ സിറാജിന്റെ ഏകദിന ബൗളിങ് റാങ്കിങ് മൂന്നിലെത്തി നില്‍ക്കുന്നു. മുമ്പിലുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡും ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടും മാത്രം.
685 റേറ്റിങ്ങോടെയാണ് സിറാജ് മൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രണ്ടാമതുള്ള ജോഷ് ഹെയ്‌സല്‍വുഡിനെക്കാള്‍ 20 റേറ്റിങ് മാത്രം കുറവ്. വൈകാതെ തന്നെ റാങ്കിങ്ങിലെ തലപ്പത്തേക്കെത്താനും സിറാജിന് സാധിച്ചേക്കും.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ലഭിക്കാന്‍ പോന്ന പ്രകടനമായിരുന്നു സിറാജ് കാഴ്ചവെച്ചത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും ലങ്കന്‍ ബാറ്റര്‍മാര്‍ സിറാജിന്റെ പന്തിന്റെ ചൂടറിയാതെ പോയിട്ടില്ല.
ന്യൂസിലാന്‍ഡ്-ഇന്ത്യ പര്യടനത്തിലും സിറാജിന് മാറ്റമൊന്നുമില്ല. അവശ്യ സമയങ്ങളില്‍ ടീമിന് ബ്രേക്ക് ത്രൂ നല്‍കിയും പവര്‍ പ്ലേകളിലടക്കം റണ്‍ വഴങ്ങാതെ ടീമിന് കരുത്തായും സിറാജ് പന്തെറിഞ്ഞുകൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ മത്സരത്തില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ് വെറും പത്ത് റണ്‍സ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും സ്വന്തമാക്കി.
ഇതിന് പുറമെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ആവറേജ് എന്ന നേട്ടവും അമിത് മിശ്രയെ മറികടന്നുകൊണ്ട് സിറാജ് സ്വന്തമാക്കിയിരുന്നു.
കപില്‍ ദേവും ജവഗല്‍ ശ്രീനാഥും കൊളുത്തിവിട്ട ദീപശിഖ ഇര്‍ഫാന്‍ പത്താന്റെയും സഹീര്‍ ഖാന്റെയും ബുംറയുടെയും ഷമിയുടെയും കൈകള്‍ കടന്ന് ഇന്നിപ്പോള്‍ സിറാജിലെത്തി നില്‍ക്കുകയാണ്. ആ തീ കെടാതെ അവന്‍ ടീമിന് വഴികാട്ടിയാകുമെന്നുറപ്പാണ്.
Content Highlight: Mohammed Siraj’s incredible bowling figures