| Friday, 3rd November 2023, 5:02 pm

ഷമി കാരണം മുങ്ങിപ്പോയ അസാമാന്യ പ്രകടനം; 2023ല്‍ ലങ്കയുടെ യഥാര്‍ത്ഥ അന്തകന്‍, പേര് 'മുഹമ്മദ് സിറാജ്'

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 33ാം മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. 302 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ 357 റണ്‍സിന് ഏഴ് എന്ന നിലയിലേക്കുയര്‍ന്നത്.

പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്കയെ ഇന്ത്യയുടെ പേസര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ചേര്‍ന്നാണ് ലങ്കന്‍ നിരയുടെ അടിത്തറയിളക്കിയത്. ഷമി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സിറാജ് മൂന്ന് വിക്കറ്റും ബുംറ ഒരു വിക്കറ്റും നേടി.

ഷമിയുടെ ഫൈഫറിന് പിന്നാലെ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡും ഒപ്പം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും തേടിയെത്തിയിരുന്നു.

മുഹമ്മദ് ഷമിയുടെ പ്രകടനത്തിന് മുമ്പില്‍ മുങ്ങിപ്പോയ അസാമാന്യ പ്രകടനവും കഴിഞ്ഞ ദിവസം പിറന്നിരുന്നു. രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ ഏഴ് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജിന്റെ പ്രകടനമായിരുന്നു അത്. ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.

2023ല്‍ അക്ഷരാര്‍ത്ഥത്തില്‍ സിറാജ് ലങ്കയുടെ അന്തകനാവുകയായിരുന്നു. ഏറ്റമുട്ടിയപ്പോഴെല്ലാം തന്നെ ലങ്ക സിറാജിന്റെ പന്തിന്റെ ചൂടറിഞ്ഞു. ഏഷ്യാ കപ്പിന്റെ ഫൈനലിലും ലങ്കയെ തോല്‍പിച്ച് കിരീടത്തില്‍ മുത്തമിട്ട ഇന്ത്യക്ക് തുണയായത് മുഹമ്മദ് സിറാജ് തന്നെയായിരുന്നു.

കൊളംബോയില്‍ നടന്ന മത്സരത്തില്‍ ലങ്ക 50 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് സിറാജായിരുന്നു. അന്ന് ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. പാതും നിസംഗ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.

ഏഷ്യാ കപ്പില്‍ ആദ്യമേറ്റുമുട്ടിയപ്പോള്‍ ഒറ്റ വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചതെങ്കിലും സിറാജിന്റെ ബൗളിങ് പ്രകടനം ശ്രദ്ധ നേടിയിരുന്നു. രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ അഞ്ച് ഓവര്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് വെറും 17 റണ്‍സാണ്.

ഈ വര്‍ഷമാദ്യം നടന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരത്തിലും സിറാജിന്റെ പ്രകടനം ഇന്ത്യക്ക് തുണയായിരുന്നു. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇന്ത്യ തങ്ങളുടെ പേരില്‍ കുറിക്കാനുള്ള പ്രധാന കാരണങ്ങൡ ഒന്നായിരുന്നു സിറാജ്.

പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് സിറാജ് നേടിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിന്ദു ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, വാനിന്ദു ഹസരങ്ക എന്നിവരെ പുറത്താക്കിയ സിറാജ് ചമീക കരുണരത്‌നെയുടെ റണ്‍ ഔട്ടിനും കാരണക്കാരനായി. പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റാണ് സിറാജ് ആകെ വീഴ്ത്തിയത്.

ഇന്ത്യക്കായി മിന്നും ഫോമില്‍ തുടരുന്ന സിറാജ് വരും മത്സരങ്ങളിലും തന്റെ മാന്ത്രികത ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Mohammed Siraj’s brilliant bowling performance against Sri Lanka

We use cookies to give you the best possible experience. Learn more