| Tuesday, 4th April 2023, 8:28 pm

ആദ്യ ഓവറില്‍ ദല്‍ഹി നേടിയത് നാല്, ഷമി വെറുതെ കൊടുത്തത് ഏഴ്; അല്ല ഷമിയേ... നിങ്ങള്‍ക്കിതെന്ത് പറ്റി?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഏഴാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആദ്യ ഓവറില്‍ സ്വന്തമാക്കിയത് 11 റണ്‍സാണ്. ഇതില്‍ ദല്‍ഹി ബാറ്റര്‍മാര്‍ നേടിയത് ഒരു ബൗണ്ടറി മാത്രമാണ്. ശേഷിക്കുന്ന ഏഴ് റണ്‍സും എക്‌സ്ട്രാ ഇനത്തിലായിരുന്നു ദല്‍ഹിയുടെ അക്കൗണ്ടിലെത്തിയത്.

ഗുജറാത്തിനായി ആദ്യ ഓവര്‍ പന്തെറിയാനെത്തിയ മുഹമ്മദ് ഷമി ഇന്നിങ്‌സ് ആരംഭിച്ചത് തന്നെ വൈഡിലൂടെയായിരുന്നു. ആദ്യ പന്തിന് ശേഷം വീണ്ടും താരം വൈഡ് എറിഞ്ഞു. രണ്ട്, മൂന്ന്, നാല് പന്തുകളില്‍ റണ്‍സൊന്നും പിറന്നില്ല.

അഞ്ചാം പന്തില്‍ ഡേവിഡ് വാര്‍ണര്‍ ബൗണ്ടറി നേടി. അടുത്ത പന്ത് വീണ്ടും വൈഡ് എറിയുകയും അത് വിക്കറ്റ് കീപ്പറെ ബീറ്റ് ചെയ്ത് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടക്കുകയും ചെയ്തു.

ഓവറിലെ അവസാന പന്തില്‍ റണ്‍സ് നേടാന്‍ വാര്‍ണറിന് സാധിക്കാതെ വന്നതോടെ ആദ്യ ഓവറില്‍ ദല്‍ഹിയുടെ അക്കൗണ്ടില്‍ കയറിയത് 11 റണ്‍സാണ്.

1WD, 0, 1WD, 0, 0, 0, 4, 5WD, 0 എന്നിങ്ങനെയാണ് ആദ്യ ഓവറില്‍ ഷമി പന്തെറിഞ്ഞത്.

അതേസമയം, മത്സരം ആറ് ഓവര്‍ പിന്നിടുമ്പോള്‍ ദല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് നേടിയത്. ഓപ്പണര്‍ പൃഥ്വി ഷായുടെയും വണ്‍ ഡൗണ്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെയും വിക്കറ്റുകളാണ് ദല്‍ഹിക്ക് നഷ്ടമായത്. മുഹമ്മദ് ഷമിയും അല്‍സാരി ജോസഫുമാണ് വിക്കറ്റ് വേട്ടക്കാര്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ്: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റിലി റൂസോ, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), അമാന്‍ ഹക്കിം ഖാന്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, മുകേഷ് കുമാര്‍.

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, ജോഷ്വ ലിറ്റില്‍, യഷ് ദയാല്‍.

Content Highlight: Mohammed Shami gives 7 extra runs in 1st over

Latest Stories

We use cookies to give you the best possible experience. Learn more