| Monday, 10th April 2023, 10:24 pm

ചോപ്ഡ്.... ആദ്യ രക്തം ചിന്തി സൂപ്പര്‍ സിറാജ്; കരുത്തനെ കടപുഴക്കിയെറിഞ്ഞ് വിരാടിന്റെ വിശ്വസ്തന്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 15ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തുടക്കത്തിലേ പ്രഹരമേല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരം മുഹമ്മദ് സിറാജ്. ബാറ്റിങ്ങില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കരുത്തനായ വിന്‍ഡീസ് സൂപ്പര്‍ താരം കൈല്‍ മയേഴ്‌സിനെ പൂജ്യത്തിന് പുറത്താക്കിയാണ് സിറാജ് കരുത്ത് കാട്ടിയത്.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഗുഡ് ലെങ്ത് ഡെലിവെറിയെറിഞ്ഞ് മയേഴ്‌സിനെ പരീക്ഷിച്ച സിറാജ് തൊട്ടടുത്ത പന്തില്‍ വൈഡ് എറിഞ്ഞ് ഒരു റണ്‍സ് വിട്ടുകൊടുത്തു. രണ്ടാം പന്തില്‍ സിറാജ് എറിഞ്ഞ ഫുള്ളറിനും മയേഴ്‌സിന് ഉത്തരമുണ്ടായിരുന്നില്ല.

തൊട്ടടുത്ത പന്തിലായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ തകര്‍പ്പന്‍ ഡെലിവെറി പിറന്നത്. സിറാജിന്റെ വേഗത്തിന് മുമ്പില്‍ ഉത്തരമില്ലാതിരുന്ന മയേഴ്‌സിന് തന്റെ വിക്കറ്റ് വീഴുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു സാധിച്ചത്.

മുന്‍ മത്സരങ്ങളില്‍ ലഖ്‌നൗവിന്റെ ബാറ്റിങ് നിരയെ മുന്നില്‍ നിന്നും നയിച്ച മയേഴ്‌സിന്റെ ഡിസ്മിസ്സല്‍ ആര്‍.സി.ബിക്ക് നല്‍കിയ അഡ്വാന്റേജ് ചെറുതല്ല. ആ അവസരം മുതലാക്കി തന്നെയാണ് പ്ലേ ബോള്‍ഡ് ബൗളേഴ്‌സ് പന്തെറിയുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ 38 പന്ത് നേരിട്ട് ഏഴ് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 73 റണ്‍സാണ് മയേഴ്‌സ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രണ്ടാം മത്സരത്തിലും മയേഴ്‌സ് ആ മികവ് ആവര്‍ത്തിച്ചിരുന്നു. 22 പന്തില്‍ നിന്നും 53 റണ്‍സാണ് മയേഴ്‌സ് നേടിയത്. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ മാരക ഫോമില്‍ നില്‍ക്കുന്ന മയേഴ്‌സിനെയാണ് സിറാജ് സംപൂജ്യനാക്കി മടക്കിയത്.

സിറാജിന്റെ ആദ്യ പ്രഹരത്തില്‍ നിന്നും മുക്തനാകാത്ത സൂപ്പര്‍ ജയന്റ്‌സ് ഏഴാം ഓവറിലും പതറുകയാണ്. നിലവില്‍ ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ 43ന് മൂന്ന് എന്ന നിലയിലാണ് എല്‍.എസ്.ജി.

മയേഴ്‌സിന് പുറമെ പത്ത് പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടിയ ദീപക് ഹൂഡയുടെയും രണ്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ക്രുണാല്‍ പാണ്ഡ്യയുടെയും വിക്കറ്റാണ് ലഖ്‌നൗവിന് നഷ്ടമായിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സിനായി തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന വെയ്ന്‍ പാര്‍ണെലാണ് വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: Mohammed Siraj dismiss Kyle Mayers

We use cookies to give you the best possible experience. Learn more