| Sunday, 16th April 2023, 8:20 pm

ആകെയെറിഞ്ഞ 96 പന്തില്‍ ബാറ്റര്‍മാര്‍ തോറ്റത് 59 തവണ; മുഹമ്മദ് സിറാജ് സൂപ്പറാടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ നാലാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ചിരുന്നു. ചിന്നസ്വാമിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 23 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്കായി മുന്‍ നായകന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. വിരാടിന് പുറമെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഷഹബാസ് അഹമ്മദും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതോടെ ബെംഗളൂരു 174 റണ്‍സിലേക്കുയര്‍ന്നു.

175 റണ്‍സ് വിജലയക്ഷ്യവുമായി ബാറ്റ് വീശിയ ക്യാപ്പിറ്റല്‍സിന് 151 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കാര്യമായി റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞ ബൗളര്‍മാരായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ മുഹമ്മദ് സിറാജ് തന്റെ ജോലി മികച്ചതാക്കിയിരുന്നു. ബെംഗളൂരുവിലെ പല സൂപ്പര്‍ ബൗളര്‍മാരും ചെണ്ടകളാകുമ്പോള്‍ സ്ഥിരതയോടെ പന്തെറിഞ്ഞത് സിറാജ് മാത്രമായിരുന്നു.

ബെംഗളൂരുവിന് വേണ്ടി പന്തെറിഞ്ഞ നാല് മത്സരത്തില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സിറാജ് 25ന് മുകളില്‍ റണ്‍സ് വഴങ്ങിയത്.

മുംബൈക്കെതിരായ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമാണ് താരം വീഴ്ത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മാത്രമാണ് താരം അല്‍പമെങ്കിലും പരാജയപ്പെട്ടത്. 44 റണ്‍സാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി.

ഐ.പി.എല്‍ 2023ല്‍ നാല് മത്സരങ്ങള്‍ അവസാനിച്ചതോടെ ഏറ്റവുമധികം ഡോട്ട് ബോള്‍ എറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് സിറാജ്.

നാല് മത്സരങ്ങളില്‍ നിന്നുമായി സിറാജ് 96 പന്തുകളെറിഞ്ഞപ്പോള്‍ അതില്‍ 59 പന്തിലും ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പരാജയപ്പെട്ടിരുന്നു.

നാല് മത്സരത്തില്‍ നിന്നും വെറും 110 റണ്‍സാണ് സിറാജ് വഴങ്ങിയത്. ഏഴ് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 15.71 എന്ന ആവറേജിലും 6.87 എന്ന എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.

ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സിറാജ്, ഒരു മത്സരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോള്‍ എറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനുമാണ്. ഒരു മത്സരത്തില്‍ 16 ഡോട്ട് ബോളുകള്‍ മാത്രമെറിഞ്ഞാണ് സിറാജ് ആര്‍.സി.ബിയുടെ ബൗളിങ്ങില്‍ നിര്‍ണായകമായത്.

ഏപ്രില്‍ 17നാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content Highlight: Mohammed Siraj bowls 59 dot balls in 4 matches

We use cookies to give you the best possible experience. Learn more