വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം ഇന്ത്യക്ക് മേല്‍ മൃഗീയ ആധിപത്യം പുലര്‍ത്തിയ ഓസീസിന് രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചപ്പോള്‍ ആ മുന്നേറ്റം തുടരാന്‍ സാധിച്ചില്ല.
സെഞ്ച്വറിയുമായി ഇന്ത്യക്ക് മേല്‍ പടര്‍ന്നുകയറിയ ട്രാവിസ് ഹെഡിനെയും അപകടകാരിയായ കാമറൂണ്‍ ഗ്രീനിനെയും രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനില്‍ തന്നെ മടക്കിയ ഇന്ത്യ ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്തിനെയും മടക്കിയിരിക്കുകയാണ്.
ടീം സ്‌കോര്‍ 361ല്‍ നില്‍ക്കവെയാണ് ട്രാവിസ് ഹെഡിനെ പുറത്താക്കി സിറാജ് സ്മിത്-ഹെഡ് കൂട്ടുകെട്ട് പൊളിക്കുന്നത്. 300 റണ്‍സ് പാര്‍ട്ണര്‍ഷിപ്പിന് 15 റണ്‍സകലെ നില്‍ക്കവെയാണ് സിറാജ് ഹെഡിനെ പുറത്താക്കുന്നത്. 174 പന്തില്‍ നിന്നും 163 റണ്‍സാണ് താരം നേടിയത്. പിന്നാലെ ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സ് നേടി ഗ്രീനും മടങ്ങി.
മത്സരത്തിന്റെ 86ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. റണ്‍ അപ്പുമായി സിറാജ് പന്തെറിയാനെത്തിയപ്പോള്‍, അവസാന നിമിഷം സ്മിത് മാറിക്കളയുകയായിരുന്നു. എന്നാല്‍ ഇതില്‍ കലിപ്പായ സിറാജ് പന്ത് വിക്കറ്റിന് നേരെ വലിച്ചെറിയുകയുകയും സ്മിത്തിനെ നോക്കി പലതും പറയുകയുമായിരുന്നു. ഇതിന് സ്മിത്തും മറുപടി പറയുന്നുണ്ട്.
അതേസമയം, ഹെഡിനും കാമറൂണ്‍ ഗ്രീനിനും പിന്നാലെ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യ മടക്കിയിരുന്നു. 268 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെ അകമ്പടിയോടെ 121 റണ്‍സാണ് സ്മിത് നേടിയത്. ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.
നിലവില്‍ 101 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 391 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്. 19 പന്തില്‍ നിന്നും 11 റണ്‍സുമായി അലക്‌സ് കാരിയും 12 പന്തില്‍ നിന്നും ഒരു റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.