| Saturday, 16th January 2016, 12:38 pm

ഗോവധ വിഷയത്തില്‍ ഞങ്ങളുടെ കുടുംബത്തെ ചിലര്‍ ലക്ഷ്യം വെക്കുന്നു: ഇന്ത്യന്‍ താരം ഷാമിയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവധ വിഷയത്തില്‍ തന്നെയും കുടുംബത്തെയും ചിലര്‍ മനപൂര്‍വം ഉപദ്രവിക്കാന്‍  ശ്രമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ പിതാവ് തൗസീഫ് അഹമ്മദ്.

ഗോവധത്തിന്റെ പേരില്‍ തങ്ങളെ ചിലര്‍ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും ഇപ്പോള്‍ കുടുംബം അപകടത്തിലാണെന്നും അദ്ദേഹം പറയുന്നു.

ഷാമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗോവധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്.

എന്നാല്‍ പോലീസ് പറയുന്ന സംഭവം നടക്കുമ്പോള്‍ തന്റെ മകന്‍ അവിടെ ഇല്ലായിരുന്നുവെന്നാണ് തൗസീഫ് പറയുന്നത്. അവന്‍ അവിടെ എത്തിയത് കുറേ സമയം കഴിഞ്ഞതിന് ശേഷമാണ്.

ഹസീബ് ഇതില്‍ നിരപരാധിയാണ്. അവനെ ഇതിലേക്ക് വലിച്ചിഴച്ചതാണ്. മറ്റുള്ളവരെപ്പോലെ തന്നെ അവനും ഇതില്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നു.

ഷമി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയതിന് ശേഷം ഞങ്ങളോട് ചിലര്‍ക്ക് വൈരാഗ്യമാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പ്രശസ്തിയില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. ഈയൊരു കാര്യം ഡി.എമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും തൗസീഫ് പറയുന്നു.

ന്യൂസീലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മുഹമ്മദ് ഷാമി.

ലോകകപ്പിന് ശേഷം പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് അദ്ദേഹം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷാമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

Video Stories

We use cookies to give you the best possible experience. Learn more