ബുംറക്ക് പകരം ഷമി? ഇങ്ങനെ വട്ടു പിടിപ്പിക്കാതെടേയ്
Cricket
ബുംറക്ക് പകരം ഷമി? ഇങ്ങനെ വട്ടു പിടിപ്പിക്കാതെടേയ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th October 2022, 9:16 pm

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ ഇന്ത്യ വന്‍ പരാജയമായിരുന്നു നേരിട്ടത്. ടി-20 ഹോം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഇതാദ്യമായാണ് ഇത്ര മാര്‍ജിനില്‍ തോല്‍ക്കുന്നത്. 49 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

വിരാട് കോഹ്ലിക്കും കെ.എല്‍. രാഹുലിനും വിശ്രമം അനുവദിച്ചു കൊണ്ടുള്ള മത്സരത്തില്‍ വലിയ പുരോഗമനമൊന്നും കൊണ്ടുവരാന്‍ ടീം ഇന്ത്യക്കായില്ല.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സരങ്ങള്‍ അടിച്ചെടുത്തതിനാല്‍ അവസാന മത്സരം കൂടി കൈപ്പിടിയിലാക്കി മുഴുവന്‍ പരമ്പര സ്വന്തമാക്കുക എന്ന ഇന്ത്യയുടെ മോഹമാണ് ഇല്ലാതായത്.

ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ടീം ഇന്ത്യയുടെ വമ്പന്‍ പരാജയം. പരിക്കിനെ തുടര്‍ന്ന് ടി-20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് ഷമിയെ ടീമിലെത്തിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ബുംറക്ക് പകരക്കാരനായി ഷമിയെ പരിഗണിക്കുമെന്നുള്ള സൂചനയാണ്്് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും
ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ബുംറക്ക് പകരക്കാരനെ തീരുമാനിക്കാന്‍ ഒക്ടോബര്‍ 15 വരെ സമയമുണ്ടെന്നും ഷമിയുടെ പേരാണ് പരിഗണനയിലുള്ളതെന്നുമാണ് രാഹുല്‍ ദ്രാവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് പരിചയമുള്ളയാളെയാണ് പരിഗണിക്കുക എന്നായിരുന്നു രോഹിതിന്റെ പ്രതികരണം.

അത് ആരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഓസ്ട്രേലിയയില്‍ എത്തിയ ശേഷമേ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് റിസര്‍വ് ഫാസ്റ്റ ബൗളര്‍മാരാണുള്ളത്. റിസര്‍വിലുള്ള ഷമിക്കും ദീപക് ചഹാറിനും പകരം മറ്റൊരാളെ പരിഗണിക്കാനുമിടയുണ്ട്.

ടി-20 ലോകകപ്പ് ടീം ഇന്ത്യ:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്. സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.

 

Content Highlights: Mohammed Shami will replace Bumrah