സഹീറിനും ശ്രീനാഥിനും അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങാം; ഇവന്‍ നിങ്ങളുടെ പിന്‍ഗാമി
icc world cup
സഹീറിനും ശ്രീനാഥിനും അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങാം; ഇവന്‍ നിങ്ങളുടെ പിന്‍ഗാമി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd November 2023, 9:26 pm

ഐ.സി.സി ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കി മുഹമ്മദ് ഷമി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കിയതോടെയാണ് മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ തന്റെ പേരുമെഴുതിച്ചേര്‍ത്തത്.

ഈ മത്സരത്തിന് മുമ്പ് ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ടാമത് താരം എന്ന റെക്കോഡായിരുന്നു ഷമിക്കുണ്ടായിരുന്നത്. 13 മത്സരത്തില്‍ നിന്നും 40 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്. 44 വിക്കറ്റ് വീതം വീഴ്ത്തിയ സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥുമായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

എന്നാല്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടം ഷമിയെ ഒന്നാം സ്ഥാനത്തേക്കെത്തിക്കുകയായിരുന്നു. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ അഞ്ച് ഓവറില്‍ വെറും 18 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഷമിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഷമിയെ തന്നെയായിരുന്നു.

ലോകകപ്പുകളില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – വിക്കറ്റ് – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

മുഹമ്മദ് ഷമി – 45 – 14

സഹീര്‍ ഖാന്‍ – 44 – 23

ജവഗല്‍ ശ്രീനാഥ് – 44 – 33

അനില്‍ കുംബ്ലെ – 31 – 18

ജസ്പ്രീത് ബുംറ – 33 – 16

 

ലോകകപ്പില്‍ മുഹമ്മദ് ഷമിയുടെ മൂന്നാമത് ഫൈഫര്‍ നേട്ടമാണിത്. 2023 ലോകകപ്പിലെ രണ്ടാം ഫൈഫര്‍ നേട്ടവും. ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും 14 വിക്കറ്റാണ് ഷമി പിഴുതെറിഞ്ഞത്.

മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ 302 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഒപ്പം 2023 ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായും ആതിഥേയര്‍ മാറി.

ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ വിരാട് 94 പന്തില്‍ 88 റണ്‍സും അയ്യര്‍ 56 പന്തില്‍ 82 റണ്‍സും നേടി പുറത്തായി.

ലങ്കക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും റണ്‍ ഔട്ടായാണ് പുറത്തായത്.

ഈ വിജയത്തിന് പിന്നാലെ നെറ്റ് റണ്‍ റേറ്റില്‍ വലിയ തോതില്‍ വര്‍ധനവുണ്ടാക്കാനും ഇന്ത്യക്കായി. കളിച്ച ഏഴ് മത്സരത്തിലും വിജയിച്ച് 14 പോയിന്റും +2.102 എന്ന നെറ്റ് റണ്‍ റേറ്റുമാണ് ഇന്ത്യക്കുള്ളത്.

പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെമി മോഹവുമായി ഇറങ്ങുന്ന സൗത്ത് ആഫ്രിക്ക വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. നവംബര്‍ അഞ്ചിന് ഈഡന്‍ ഗാര്‍ഡന്‍സാണ് ക്ലാഷ് ഓഫ് ടൈറ്റന്‍സിന് സാക്ഷിയാകുന്നത്.

 

Content highlight: Mohammed Shami surpasses Zaheer Kahan and Javagal Sreenath to become the highest wicket taker in world cup