|

ബാറ്റിങ്ങില്‍ കോഹ്‌ലിയെയും മറികടന്ന് ഷമി; വിശ്വസിക്കാന്‍ സാധിക്കാത്ത ഫണ്‍ ഫാക്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബാറ്റിങ് റെക്കോഡില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്ന് മുഹമ്മദ് ഷമി. ടെസ്റ്റ് ഫോര്‍മാറ്റില്‍ നേടിയ സിക്‌സറുകളുടെ എണ്ണത്തിലാണ് ഷമി കോഹ്‌ലിയെ മറികടന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിവസമാണ് ഷമി കോഹ്‌ലിയെ മറികടന്ന് കയ്യടി നേടിയത്.

നാഗ്പൂരില്‍ മൂന്ന് സിക്‌സറുകളടിച്ചാണ് ഷമി ഇന്ത്യന്‍ നിരയില്‍ തരംഗമായത്. ഇതിനൊപ്പം രണ്ട് ബൗണ്ടറിയും ഷമി സ്വന്തമാക്കി. 47 പന്തില്‍ നിന്നും 37 റണ്‍സായിരുന്നു ഷമിയുടെ സമ്പാദ്യം. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ളതും ഏറ്റവുമധികം സിക്‌സറടിച്ച ബാറ്ററും ഷമി തന്നെ.

ഈ മൂന്ന് സിക്‌സറുകളും തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തതോടെ 85 ഇന്നിങ്‌സില്‍ നിന്നും 25 സിക്‌സറുകളാണ് ഷമിയുടെ പേരിലുള്ളത്. എന്നാല്‍ 184 ഇന്നിങ്‌സില്‍ നിന്നും 24 ടെസ്റ്റ് സിക്‌സറുകള്‍ മാത്രമാണ് വിരാടിന്റെ പേരിലുള്ളത്.

ഷമിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് എത്തുന്നത്.

അതേസമയം, 400 റണ്‍സിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരിക്കുന്നത്. ഓസീസ് ഉയര്‍ത്തിയ 177 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് 223 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഒരു സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചാണ് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ പുറത്തായത്. മൂന്നാം ദിവസം ക്രീസിലെത്തിയ എല്ലാവര്‍ക്കുമൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് അക്‌സര്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

174 പന്തില്‍ നിന്നും 84 റണ്‍സ് നേടി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കിയാണ് അക്‌സര്‍ പുറത്തായത്. 139.3ാം ഓവറില്‍ അവസാന വിക്കറ്റായി അക്‌സര്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ നില ഭദ്രമാക്കിയിരുന്നു.

അക്‌സറും ജഡേജയും ചേര്‍ന്നാണ് മൂന്നാം ദിവസത്തെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജഡേജയെ പുറത്താക്കിക്കൊണ്ട് ടോഡ് മര്‍ഫി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. 185 പന്തില്‍ നിന്നും 70 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്. ഷമിയെയും പുറത്താക്കി മര്‍ഫി ഏഴ് വിക്കറ്റ് നേട്ടം ആഘോഷമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസിനെ തുടക്കത്തില്‍ അശ്വിന്‍ ഞെട്ടിച്ചിരുന്നു. ഉസ്മാന്‍ ഖവാജയെ വിരാടിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ പുറത്താക്കുകയായിരുന്നു. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമാണ് ഖവാജ നേടിയത്.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 20 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്.

Content Highlight: Mohammed Shami surpasses Virat Kohli in terms of test sixes