ഐ.സി.സി വേള്‍ഡ് കപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡ് തങ്ങളുടെ നാലാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെയാണ് ന്യൂസിലാന്‍ഡ് നേരിടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ കിവികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തുടക്കത്തില്‍ പാളിയെങ്കിലും ന്യൂസിലാന്‍ഡ് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ്. മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്നാണ് കിവീസ് സ്‌കോര്‍ ഉയര്‍ത്തുന്നത്.
സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയെയും വില്‍ യങ്ങിനെയും ന്യൂസിലാന്‍ഡിന് തുടക്കത്തിലേ നഷ്ടമായിരുന്നു. ഒമ്പത് പന്തില്‍ ഒറ്റ റണ്‍ പോലും നേടാന്‍ സാധിക്കാതെയാണ് കോണ്‍വേ പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ശ്രേയസ് അയ്യരുടെ കയ്യില്‍ ഒതുങ്ങാനായിരുന്നു കോണ്‍വേയുടെ വിധി.
27 പന്തില്‍ നിന്നും 17 റണ്‍സ് നേടി നില്‍ക്കവെയാണ് വില്‍ യങ് പുറത്താകുന്നത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് യങ് പുറത്തായത്. തന്റെ ആദ്യ പന്തില്‍ തന്നെയാണ് ഷമി വിക്കറ്റ് നേടിയതും.
ഈ വിക്കറ്റിന് പിന്നാലെ ഒരു മികച്ച റെക്കോഡും ഷമിയെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത് ബൗളര്‍ എന്ന റെക്കോഡാണ് ഷമി സ്വന്തമാക്കിയത്. കേവലം 12 ഇന്നിങ്‌സുകളില്‍ നിന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്.
ഈ മത്സരത്തിന് മുമ്പ് 31 വിക്കറ്റുകളുമായി ഇന്ത്യന്‍ സ്പിന്‍ വിസാര്‍ഡ് അനില്‍ കുംബ്ലെക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്ന ഷമി യങ്ങിനെ പുറത്താക്കിയതിന് പിന്നാലെ കുംബ്ലെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് രണ്ടാമത് ഒറ്റക്ക് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരായ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനുമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ലോകകപ്പുകളില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരം
(താരം – വിക്കറ്റ് – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
സഹീര്‍ ഖാന്‍ – 44 – 23
ജവഗല്‍ ശ്രീനാഥ് – 44 – 33
മുഹമ്മദ് ഷമി – 32 – 12
അനില്‍ കുംബ്ലെ – 31 – 18
ജസ്പ്രീത് ബുംറ – 28 – 14
അതേസമയം, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ച് രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും സ്‌കോര്‍ ഉയര്‍ത്തുകയാണ്. നിലവില്‍ 31 ഓവര്‍ പിന്നിടുമ്പോള്‍ 160 റണ്‍സിന് രണ്ട് എന്ന നിലയിലാണ് കിവീസ്. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കെ ഒന്നിച്ച ഇരുവരും ഇപ്പോഴും പാര്‍ട്ണര്‍ഷിപ്പ് തുടരുകയാണ്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇരുവരും ബാറ്റിങ് തുടരുന്നത്. രചിന്‍ രവീന്ദ്ര 79 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ 71 പന്തില്‍ 68 റണ്‍സാണ് ഡാരില്‍ മിച്ചല്‍ നേടിയത്.
Content Highlight: Mohammed Shami surpasses Anil Kumble in world cup wickets