Advertisement
Sports News
പരിക്ക് മാറിയെത്തുന്ന ഷമി സഞ്ജുവിന് വെല്ലുവിളിയാകുമോ? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് കാത്ത് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 19, 04:11 am
Monday, 19th August 2024, 9:41 am

2023 ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരം ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലും ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും താരത്തിന് വിശ്രമം അനുവദിച്ചേക്കും.

എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നതിന് മുമ്പ് താരം ബംഗാളിന് വേണ്ടി കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ഷമി ബംഗാളിന് വേണ്ടി പന്തെറിയുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രഞ്ജി ട്രോഫി 2024-25 സീസണില്‍ എലീറ്റ് ഗ്രൂപ്പ് സി-യിലാണ് ബംഗാളിന്റെ സ്ഥാനം. കര്‍ണാടകയും കേരളവും ഉള്‍പ്പെട്ട ഗ്രൂപ്പ് സി-യാണ് ഇത്തവണത്തെ മരണ ഗ്രൂപ്പായി വിലയിരുത്തുന്നത്.

ഒക്ടോബര്‍ 11ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെയാണ് ബംഗാളിന് ആദ്യം നേരിടാനുള്ളത്.

അതേസമയം, ഗ്രൂപ്പ് സി-യിലെ മുഹമ്മദ് ഷമി – സഞ്ജു സാംസണ്‍ പോരാട്ടത്തിന് കൂടിയാണ് രഞ്ജിയില്‍ കളമൊരുങ്ങുന്നത്. ഒക്ടോബര്‍ 26 ഞായറാഴ്ചയാണ് കേരളം – ബംഗാള്‍ മത്സരം. വേദി തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ എലീറ്റ് ഗ്രൂപ്പ് ബി-യിലായിരുന്നു കേരളം. കഴിഞ്ഞ തവണ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സഞ്ജുവിനും സംഘത്തിനും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചിരുന്നില്ല.

ഏഴ് മത്സരത്തില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ഇതോടെ ആദ്യ കിരീടമെന്ന കേരളത്തിന്റെ സ്വപ്നത്തിന് കാത്തിരിപ്പേറുകയായിരുന്നു.

എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന നിശ്ചയത്തോടെയാണ് കേരളം കളത്തിലിറങ്ങുന്നത്. എന്നാല്‍ സഞ്ജുവിനും സംഘത്തിനും മുമ്പില്‍ ഷമി എത്രത്തോളം അപകടകാരിയാകുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

അടുത്ത വര്‍ഷം ജനുവരി 30നാണ് പുതിയ സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുക. ഫെബ്രുവരി എട്ടിന് നോക്ക് ഔട്ട് മത്സരങ്ങള്‍ തുടങ്ങും. നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഫെബ്രുവരി എട്ടിന് നടക്കും.

ഫെബ്രുവരി 17നാണ് രണ്ട് സെമിയും അരങ്ങേറുക. 26നാണ് കലാശപ്പോരാട്ടം.

മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30നാണ് ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്കൗട്ട് റൗണ്ടുകള്‍ അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്യും.

 

രഞ്ജി ട്രോഫി 2025 ടീമുകള്‍

എലീറ്റ് ഗ്രൂപ്പ് എ

ബറോഡ
ജമ്മു കശ്മീര്‍
മഹാരാഷ്ട്ര
മേഘാലയ
മുംബൈ
ഒഡീഷ
സെര്‍വീസസ്
തമിഴ്നാട്

എലിറ്റ് ബി

ആന്ധ്ര പ്രദേശ്
ഗുജറാത്ത്
ഹിമാചല്‍ പ്രദേശ്
ഹൈദരാബാദ്
പുതുച്ചേരി
രാജസ്ഥാന്‍
ഉത്തരാഖണ്ഡ്
വിദര്‍ഭ

എലീറ്റ് ഗ്രൂപ്പ് സി

ബംഗാള്‍
ബീഹാര്‍
ഹരിയാന
കര്‍ണാടക
കേരളം
മധ്യപ്രദേശ്
പഞ്ചാബ്
ഉത്തര്‍പ്രദേശ്

എലീറ്റ് ഗ്രൂപ്പ് ഡി

അസം
ചണ്ഡിഗഢ്
ഛത്തീസ്ഗഢ്
ദല്‍ഹി
ജാര്‍ഖണ്ഡ്
റെയില്‍വേയ്സ്
സൗരാഷ്ട്ര
തമിഴ്നാട്

പ്ലേറ്റ് ഗ്രൂപ്പ്

അരുണാചല്‍ പ്രദേശ്
ഗോവ
മണിപ്പൂര്‍
മിസോറാം
നാഗാലാന്‍ഡ്
സിക്കിം

 

Content Highlight: Mohammed Shami set to comeback in Ranji Trophy