ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ മുമ്പോട്ട് കുതിക്കുന്നത്. എട്ട് മത്സരത്തില്‍ നിന്നും 16 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച ആദ്യ ടീമും ഇന്ത്യ തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 243 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. അതികായരായ സൗത്ത് ആഫ്രിക്കയെ കേവലം 83 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ സൗത്ത് ആഫ്രിക്കയുടെ മോശം പ്രകടനവും ഇത് തന്നെയാണ്.
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തില്‍ ബൗളേഴ്‌സ് പ്രോട്ടിയാസിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കി.
മത്സരത്തില്‍ രവീന്ദ്ര ജഡജേ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും നേടി. മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മത്സര ശേഷം നടന്ന അഭിമുഖത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുഹമ്മദ് കൈഫിനുള്ള ഇന്ത്യന്‍ പേസറുടെ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘നിങ്ങള്‍ (ഇന്ത്യ) എല്ലാവരെയും തോല്‍പിക്കുകയാണ്, ഇനിയാരും തന്നെ ബാക്കിയില്ല,’ എന്നാണ് മത്സര ശേഷം കൈഫ് ഷമിയോട് പറഞ്ഞത്.
‘ഹര്‍ ബാര്‍ 400 പാര്‍ കര്‍നേ വാലോ കാ ഹാല്‍ ദേഖോ (എല്ലാ മത്സരത്തിലും 400 റണ്‍സ് കടക്കുന്ന ടീമിന്റെ ഇപ്പോഴുള്ള അവസ്ഥ നോക്കൂ) എന്നാണ് ഷമി ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
സൗത്ത് ആഫ്രിക്കക്കെതിരായ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും ഷമിക്കായി. രണ്ട് ഫൈഫറും ഒരു ഫോര്‍ഫറും അടക്കം നാല് മത്സരത്തില്‍ നിന്നും 16 വിക്കറ്റാണ് ഷമി നേടിയത്.
ആദം സാംപ (19), ദില്‍ഷന്‍ മധുശങ്ക (18), മാര്‍കോ യാന്‍സെന്‍ (17) എന്നിവരാണ് ഷമിക്ക് മുമ്പിലുള്ളത്.