ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് പകരം ടി-20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ആരെത്തുമെന്ന കാര്യത്തില്‍ ഏകദേശം സ്ഥിരീകരണമായിരിക്കുകയാണ്. സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ആ പകരക്കാരനെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ലെങ്കിലും മുഹമ്മദ് ഷമി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടതാണ് ഇപ്പോഴത്തെ സ്ഥിരീകരണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍.
‘പറക്കാനുള്ള സമയമായി, ഇത്തവണ ടി-20 ലോകകപ്പിലേക്ക്’ എന്ന ക്യാപ്ഷനോടെയാണ് വിമാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ ഷമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അനുഭവപരിചയമുള്ള ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമി തന്നെയാകും ബുംറക്ക് പകരക്കാരനായി എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരു സ്ഥിരീകരണമായി ആരാധകര്‍ എടുത്തിരിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രസ്താവന വരുമെന്നും ക്രിക്കറ്റ് ട്രാക്ക് ചെയ്യുന്ന ചില ട്വിറ്റര്‍ ഹാന്‍ഡിലുകളും പറയുന്നുണ്ട്. ഷര്‍ദുലിനെയാണ് റിസര്‍വിലേക്ക് കൊണ്ടുപോകുന്നതെന്നും ഇവര്‍ പറയുന്നു.
ഷമിക്കൊപ്പം മറ്റ് രണ്ട് താരങ്ങള്‍ക്ക് കൂടി നേരത്തെ സാധ്യത കല്‍പിക്കപ്പെട്ടിരുന്നു. ഉമ്രാന്‍ മാലികും മുഹമ്മദ് സിറാജുമായിരുന്നു ഇത്. റോ ബൗളറായി അറിയപ്പെടുന്ന ഉമ്രാന്‍ കഴിഞ്ഞ ജൂണിലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. 150 വേഗതയില്‍ പന്തെറിയുന്ന ഉമ്രാന്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍.
ദക്ഷിണാഫ്രിക്കയുമായുള്ള സീരീസിലെ ‘പ്ലെയര്‍ ഓഫ് ദ സീരിസ്’ നേട്ടമാണ് സിറാജിന് തുണയായിരുന്നത്. അതുകൊണ്ട് തന്നെ സിറാജിനാണ് ഒരു പടി കൂടി ചാന്‍സ് കൂടുതലെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ പോസ്റ്റിന് പിന്നാലെ ഈ സാധ്യതകളെല്ലാം ഏകദേശം ഇല്ലാതായ മട്ടാണ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരക്ക് മുമ്പ് നടന്ന പരിശീലനത്തിനിടെയാണ് ബുംറക്ക് പരിക്കേറ്റത്. പരമ്പരയില്‍ നിന്ന് മാത്രമേ താരത്തിന് വിട്ടുനില്‍ക്കേണ്ടി വരികയുള്ളുവെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നതെങ്കിലും പിന്നീട് ലോകകപ്പിനും ബുംറയുണ്ടാവുകയില്ലെന്ന് പ്രസ്താവിക്കുകയായിരുന്നു.
ബുംറയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ആറ് മാസത്തോളം വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ടീം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Content Highlight: Mohammed Shami’s new social media post suggests he is to replace Jasprit Bumrah in T20 World cup Squad