| Monday, 17th October 2022, 1:25 pm

ബുംറയോട് പോവാന്‍ പറ, ചെക്കന് ഒറ്റ ഓവര്‍ മാത്രം മതി തോറ്റ കളി ജയിപ്പിക്കാന്‍; ഷമി ഹീറോയാടാ ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ബൗളര്‍മാരുടെ കരുത്തില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തില്‍ ഓസീസിനെ ആറ് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

പേസിനെ തുണക്കുന്ന പിച്ചില്‍ പേസര്‍മാര്‍ തന്നെയായിരുന്നു ഇന്ത്യയുടെ വിജയത്തിന് കാരണമായതും. ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിവെച്ച വിക്കറ്റ് വേട്ട അവസാനിപ്പിച്ചത് മുഹമ്മദ് ഷമിയായിരുന്നു.

മത്സരം തോല്‍ക്കാനുള്ള സകലസാധ്യതയും നിലനില്‍ക്കുന്നിടത്ത് നിന്നുമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ഒരുവേള 171ന് അഞ്ച് എന്ന നിലയിലായിരുന്നു. എന്നാല്‍ ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന അഞ്ച് വിക്കറ്റും ഓസീസിന് നഷ്ടമായി.

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമിയിലായിരുന്നു അവസാന പ്രതീക്ഷ. മത്സരത്തില്‍ ഒറ്റ ഓവര്‍ പോലും എറിയാതിരുന്ന ഷമി തന്റെ ആദ്യത്തെയും ഇന്നിങ്‌സിലെ അവസാനത്തെയും ഓവര്‍ എറിയാനായി ബൗളിങ് എന്‍ഡിലേക്കെത്തി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാറ്റ് കമ്മിന്‍സ് ഡബിള്‍ നേടി. രണ്ടാം പന്തിലും കമ്മിന്‍സ് ഡബിളോടി നാല് പന്തില്‍ ഏഴ് റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഓസീസിനെ എത്തിച്ചു.

എന്നാല്‍ തുടര്‍ന്നുള്ള നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് ഷമി കങ്കാരുക്കളെ ഞെട്ടിച്ചത്. ഇരുപതാം ഓവറിലെ മൂന്നാം പന്തില്‍ കമ്മിന്‍സിനെ വിരാടിന്റെ കൈകളിലെത്തിച്ച് ഷമി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.

തൊട്ടടുത്ത പന്തില്‍ ആഷ്ടണ്‍ അഗറിനെ റണ്‍ ഔട്ടാക്കി ദിനേഷ് കാര്‍ത്തിക് പ്രതീക്ഷ നിലനിര്‍ത്തി. അഞ്ചാം പന്തില്‍ ജോഷ് ഇംഗ്ലിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി അവസാന പന്തില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെ കുറ്റിയും തെറിപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഹാട്രിക് ലഭിച്ചില്ലെങ്കിലും ഒറ്റ ഓവറില്‍ കളി തിരിച്ച ഷമിയായിരുന്നു ഇന്ത്യയുടെ ഹീറോ. ഒറ്റ ഓവറില്‍ നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ബുംറക്ക് പുറമെ ഭുവനേശ്വര്‍ രണ്ട് വിക്കറ്റും അര്‍ഷ്ദീപ്, ഹര്‍ദിക് പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

54 പന്തില്‍ നിന്നും 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

ബുധനാഴ്ചയാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content highlight: Mohammed Shami’s incredible spell takes India to Victory in warm up match against Australia

We use cookies to give you the best possible experience. Learn more