| Tuesday, 2nd May 2023, 8:59 pm

ഈറ്റ്, സ്ലീപ്, ടേക്ക് വിക്കറ്റ്‌സ്, റിപ്പീറ്റ്; നാലില്‍ നാല്; താന്‍ എന്തൊരു മനുഷ്യനാടോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഒരിക്കല്‍ക്കൂടി തന്റെ മാസ്റ്റര്‍ ക്ലാസ് വ്യക്തമാക്കി ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഷമി വീണ്ടും തരംഗമായത്.

ആദ്യ ഏഴ് ഓവര്‍ പിന്നിട്ടപ്പോഴേക്കും ഷമി തന്റെ നാല് ഓവര്‍ ക്വാട്ടയും എറിഞ്ഞ് തീര്‍ത്തിരുന്നു. ഈ നാല് ഓവറില്‍ വഴങ്ങിയതാകട്ടെ വെറും 11 റണ്‍സും. 2.75 എന്ന എക്കോണമിയില്‍ റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റും പിഴുതെറിഞ്ഞിരുന്നു.

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഷമി തുടങ്ങിയത്. ക്യാപ്പിറ്റല്‍സ് ഓപ്പണറായ ഫില്‍ സോള്‍ട്ടിനെ ഡേവിഡ് മില്ലറിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്.

അടുത്ത അവസരം റിലി റൂസോക്കായിരുന്നു. കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ റൂസോ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ അതിനുള്ള അവസരം കൊടുക്കാതെ ഷമി വീണ്ടും തകര്‍ത്തെറിഞ്ഞു.

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച് റൂസോയെ മടക്കുമ്പോള്‍ ആറ് പന്തില്‍ നിന്നും എട്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഷമിയും ഗ്ലൗമാന്‍ സാഹയും തമ്മിലുള്ള മിന്നലാട്ടത്തില്‍ താരത്തിന്റെ പേരില്‍ മറ്റൊരു വിക്കറ്റ് കൂടി കുറിക്കപ്പെട്ടു. ഇത്തവണ അതിനുള്ള അവസരം മനീഷ് പാണ്ഡേക്കായിരുന്നു. നാല് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമായിരുന്നു പാണ്ഡേക്ക് നേടാന്‍ സാധിച്ചത്.

അതേ ഓവറില്‍ തന്നെ പ്രിയം ഗാര്‍ഗനെയും പറഞ്ഞയച്ച് ഷമി വീണ്ടും ഹീറോയായി. ഇത്തവണയും സാഹ-ഷമി കോംബോയായിരുന്നു ക്യാപ്പിറ്റല്‍സിന്റെ നാലാം വിക്കറ്റും പിഴുതെറിഞ്ഞത്.

തന്റെ ആദ്യ മൂന്ന് ഓവറില്‍ തന്നെ നാല് വിക്കറ്റും വീഴ്ത്തിയ ഷമി ഈ 18 പന്തില്‍ ഒറ്റ ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ല എന്നതാണ് രസകരമായ വസ്തുത.

W, 0, 0, 3, 2, 0, 0, 0, 1, 0, W, 0, W,0, 0, 0, 1, W എന്നിങ്ങനെയായിരുന്നു ഷമിയുടെ ആദ്യ 18 പന്തിലെ പ്രകടനം.

അതേസമയം, 16 ഓവര്‍ പിന്നിടുമ്പോള്‍ ക്യാപ്പിറ്റല്‍സ് 91ന് ആറ് എന്ന നിലയിലാണ്. ഇതിലെ നാല് വിക്കറ്റും ഷമിയുടേത് തന്നെയാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍ ഔട്ടായപ്പോള്‍ അക്‌സര്‍ പട്ടേലിനെ മോഹിത് ശര്‍മയും മടക്കി.

36 പന്തില്‍ നിന്നും 35 റണ്‍സുമായി അമന്‍ ഹക്കിം ഖാനും നാല് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി റിപാല്‍ പട്ടേലുമാണ് ക്രീസില്‍.

Content highlight: Mohammed Shami’s incredible spell against Gujarat Titans

We use cookies to give you the best possible experience. Learn more