ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഓസീസിന് മേല്‍ ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിച്ച് ബൗളര്‍മാര്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കങ്കാരുക്കളെ ഞെട്ടിച്ചാണ് ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്തിത്തുടങ്ങിയത്.
മുഹമ്മദ് സിറാജായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ഓസീസ് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ മടക്കിക്കൊണ്ടായിരുന്നു സിറാജ് തുടങ്ങിയത്.
ഖവാജയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ സിറാജ് എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് നിഷേധിച്ചു. തുടര്‍ന്ന് റിവ്യൂ എടുത്ത ഇന്ത്യ ഡിസിഷന്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു.
സിറാജിന് പിന്നാലെ അടുത്ത ഊഴം മുഹമ്മദ് ഷമിക്കായിരുന്നു. ഓസീസ് ഇന്നിങ്‌സിലെ ആദ്യ ഓവര്‍ എറിഞ്ഞ ഷമി രണ്ട് റണ്‍സ് മാത്രമായിരുന്നു വിട്ടുനല്‍കിയത്. തന്റെ സ്‌പെല്ലിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ ഷമി ആദ്യ പന്തില്‍ തന്നെ ഓസീസിന് അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റും നല്‍കി.
തന്റെ പേസിന്റെ വേഗത എന്താണെന്ന് സ്‌ട്രൈക്കില്‍ നിന്ന ഡേവിഡ് വാര്‍ണറിന് ഊഹിക്കാന്‍ പോലും സമയം നല്‍കാതെ വിക്കറ്റ് കടപുഴക്കി എറിഞ്ഞാണ് ഷമി കരുത്ത് കാട്ടിയത്. ഷമിയുടെ പേസില്‍ സ്റ്റംപ് ഏറെ ദൂരത്തേക്ക് തെറിച്ചുപോയിരുന്നു.
‘ഇന്ത്യയുടെ സ്പിന്‍ ആക്രമണം’ എന്ന പരീക്ഷക്ക് പഠിച്ചെത്തിയ ഓസീസ് ബാറ്റര്‍മാര്‍ക്ക് ഔട്ട് ഓഫ് സിലബസില്‍ നിന്നും വന്ന ചോദ്യം പോലെയായിരുന്നു സിറാജും ഷമിയും.
മൂന്നാമനായെത്തിയ മാര്‍നസ് ലബുഷാനും നാലാമന്‍ സ്റ്റീവ് സ്മിത്തുമാണ് ഓസീസിനായി ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് പതിയെ ഓസീസിനെ കരകയറ്റാനുള്ള ശ്രമത്തിലാണ്.
നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ 57 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 86 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനും 57 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്.
സിറാജിന്റെയും ഷമിയുടെയും പേസ് ആക്രമണത്തിന് പുറമെ സ്പിന്നര്‍മാരും ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കുന്നുണ്ട്.
നാല് മെയ്ഡനുള്‍പ്പെടെ ആറ് ഓവര്‍ പന്തെറിഞ്ഞ ജഡേജ വെറും ഒമ്പത് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഏഴ് ഓവറില്‍ മൂന്ന് മെയ്ഡനുമായി പത്ത് റണ്‍സ് മാത്രം വഴങ്ങിയ അക്‌സര്‍ പട്ടേലും മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്ത അശ്വിനും മികച്ച രീതിയിലാണ് പന്തെറിയുന്നത്.
Content highlight: Mohammed Shami’s brutal pace dismiss David Warner