വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തില്‍ ലോകകപ്പ് കളിക്കുന്നവന്‍; 14 ഇന്നിങ്‌സില്‍ ഏഴ് തവണയും നാല് വിക്കറ്റ്
icc world cup
വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തില്‍ ലോകകപ്പ് കളിക്കുന്നവന്‍; 14 ഇന്നിങ്‌സില്‍ ഏഴ് തവണയും നാല് വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd November 2023, 10:21 pm

ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് മുഹമ്മദ് ഷമി. ആദ്യ മത്സരങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്ക് ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ആദ്യ മത്സരം കളിക്കാനുള്ള അവസരമൊരുങ്ങിയത്.

ന്യൂസിലാന്‍ഡിനെതിരെ ലഭിച്ച അവസരം ശരിക്കും മുതലാക്കിയ ഷമി ലോകകപ്പിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഏഴ് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴത്തിയ ഷമി വാംഖഡെയില്‍ ശ്രീലങ്കക്കെതിരെയും അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും 14 വിക്കറ്റ് വീഴ്ത്തിയ ഷമി ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലും തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ഷമി സ്വന്തമാക്കിയത്.

45 ലോകകപ്പ് വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. 44 വിക്കറ്റ് വീതം വീഴ്ത്തിയ സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും റെക്കോഡ് നേട്ടം മറികടന്നാണ് ഷമി ഒന്നാം സ്ഥാനത്തെത്തിയത്.

ഈ ലോകകപ്പില്‍ മാത്രമല്ല ഇതിന് മുമ്പ് നടന്ന ബിഗ് ഇവന്റുകളിലും ഷമിയുടെ സാന്നിധ്യം ടീമിന് അത്രത്തോളം നിര്‍ണായകമായിരുന്നു. താരത്തിന്റെ സ്റ്റാറ്റുകള്‍ വ്യക്തമാക്കുന്നതും അതുതന്നെയാണ്.

2015 ലോകകപ്പിലാണ് ഷമി തന്റെ അരങ്ങേറ്റം കുറിച്ചത്. അന്നുതൊട്ടിന്നുവരെ 14 മത്സരങ്ങളിലാണ് ഷമി ഇന്ത്യക്കായി പന്തെറിഞ്ഞത്. 12 മെയ്ഡന്‍ ഉള്‍പ്പടെ 118.1 ഓവര്‍ (709 പന്ത്) ആണ് ഷമി ലോകകപ്പില്‍ എറിഞ്ഞു തീര്‍ത്തത്. ആകെ വഴങ്ങിയതാകട്ടെ 581 റണ്‍സും.

 

വാംഖഡെയില്‍ ശ്രീലങ്കക്കെതിരെ 18 റണ്‍സ് വഴങ്ങി നേടിയ അഞ്ച് വിക്കറ്റാണ് ഷമിയുടെ ലോകകപ്പിലെ മികച്ച പ്രകടനം. 12.91 എന്ന ശരാശരിയിലും 15.75 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ഷമിയുടെ എക്കോണമി 4.91 ആണ്.

ലോകകപ്പിലെ 14 മത്സരങ്ങളില്‍ ഏഴ് തവണയാണ് ഷമി നാലോ അതിലധികമോ വിക്കറ്റ് നേടിയത്. നാല് തവണ ഫോര്‍ഫറും മൂന്ന് തവണ ഫൈഫറുമാണ് ഷമി സ്വന്തമാക്കിയത്.

ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും രണ്ടാം പ്ലെയര്‍ ഓഫ് ദി മാച്ചും സ്വന്തമാക്കിയ ഷമിയില്‍ തന്നെയാണ് ഇന്ത്യ തങ്ങളുടെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നത്.

 

ഷമിയുടെ മികവില്‍ സെമിയില്‍ പ്രവേശിച്ച ഇന്ത്യക്ക് ഈ ലോകകപ്പില്‍ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടി കളിക്കാനുണ്ട്. നവംബര്‍ അഞ്ചിന് സൗത്ത് ആഫ്രിക്കക്കെതിരെയും നവംബര്‍ 12ന് നെതര്‍ലന്‍ഡ്‌സിനുമെതിരെയാണ് ഇന്ത്യ കളിക്കുക.

 

Content highlight: Mohammed Shami’s brilliant performances in world cups