വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനവുമായി സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി. ടൂര്‍ണമെന്റ് പ്ലേ ഓഫില്‍ ഹരിയാനയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാണ് ഷമി ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിനൊരുങ്ങുന്നത്.
മത്സരത്തില്‍ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. പത്ത് ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് നേടിയത്. ഷമിയുടെ വിക്കറ്റ് നേട്ടത്തെക്കാളും താരം പത്ത് ഓവറും എറിഞ്ഞ് പൂര്‍ത്തിയാക്കി എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകള്‍ക്കും ഷമി ഉത്തരം നല്‍കിയിരിക്കുകയാണ്. പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ പരിക്കേറ്റ് ഏറെ കാലം കളത്തിന് പുറത്ത് തുടരേണ്ടി വന്ന താരം മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.
2023 ലോകകപ്പിനിടെ പരിക്കേറ്റ താരത്തിന് 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പുമുടക്കമുള്ള ബിഗ് ഇവന്റുകള്‍ നഷ്ടമായിരുന്നു. ശേഷം ഇന്ത്യ – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ടീമിന്റെ ഭാഗമായിരുന്നില്ല.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലായിരിക്കും താരത്തിന്റെ തിരിച്ചുവരവ് എന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്കും നിരാശ മാത്രമായിരുന്നു ഫലം. ഇപ്പോള്‍ താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങി വരവിനൊരുങ്ങുകയാണ്.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹരിയാന നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. നിഷാന്ത് സിന്ധു, പാര്‍ത്ഥ് ശിവ് വത്സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹരിയാന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
നിഷാന്ത് സിന്ധു 67 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ 77 പന്തില്‍ 62 റണ്‍സാണ് പാര്‍ത്ഥ് നേടിയത്. 32 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ സുമിത് കുമാറും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ബംഗാളിനായി ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടി. പ്രദീപ്ത പ്രമാണിക്, കരണ്‍ ലാല്‍, കൗശിക് മാല്‍ട്ടി, സയാന്‍ ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ 175ന് നാല് എന്ന നിലയിലാണ്.
Content Highlight: Mohammed Shami’s brilliant performance in Vijay Hazare Trophy