ന്യൂദല്‍ഹി: ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് കേസെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഒന്‍പതു മണിക്കു ശേഷം ഷമിയെ ആരും കണ്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദല്‍ഹിയിലും ഗാസിയാബാദിലുമായാണ് താരം അവസാനമായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ രാത്രിയ്ക്ക്‌ശേഷം സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. താരത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെ ബന്ധുക്കള്‍ ഷമിയെ വിളിച്ചപ്പോള്‍ ഗാസിയാബാദില്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നാണ് മറുപടി ലഭിച്ചിരുന്നത്. ലഭിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കാനും തന്റെ പക്കലുള്ള തെളിവുകള്‍വച്ച് കേസിന്റെ കാര്യങ്ങള്‍ നോക്കിക്കോളാമെന്നും ഷമി ബന്ധുക്കളോട് പറഞ്ഞിരുന്നു.
ഗാസിയാബാദിലേക്കു പോകുന്നതിനായി മൂത്ത സഹോദരനോടൊപ്പം ഷമി ദല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. അതിനുശേഷം ഷമിയുടെയും സഹോദരന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. അതേസമയം ഭാര്യയുടെ പരാതിയില്‍ ഷമിയുമായി ബന്ധപ്പെടാന്‍ കൊല്‍ക്കത്ത പൊലീസ് ഇതുവരെയും ശ്രമിച്ചിട്ടില്ല.
ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുഹമ്മദ് ഷമിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാല്‍ ബസാര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലുണ്ട്.