| Friday, 24th November 2023, 11:14 am

ലോകകപ്പില്‍ കാല്‍ ചവിട്ടി മിച്ചല്‍ മാര്‍ഷ്; പ്രതികരിച്ച് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി 11 മത്സരങ്ങള്‍ വിജയിച്ചു വന്ന ഇന്ത്യന്‍ ടീം ഫൈനലില്‍ കാലിടറുകയായിരുന്നു.

ലോകകപ്പ് വിജയത്തിനുശേഷം ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷ് ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റി വെക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് ട്രോഫിയെ അപമാനിക്കുന്ന തരത്തിലുള്ള മാര്‍ഷിന്റെ ഈ പെരുമാറ്റത്തിനെതിരെ ധാരാളം ആളുകളും ആരാധകരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ മിച്ചല്‍ മാഷിന്റെ ഈ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.

‘മാര്‍ഷിന്റെ ആ പ്രവര്‍ത്തിയില്‍ എനിക്ക് അസ്വസ്ഥത തോന്നുന്നു. ലോകകപ്പിലെ എല്ലാ ടീമുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ട്രോഫിയില്‍ കാല്‍ വെക്കുന്നത് ശരിയായില്ല. അതിനാല്‍ അവന്റെ ആ പ്രവര്‍ത്തി എന്നെ സന്തോഷിപ്പിച്ചിട്ടില്ല,’ ഷമി മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പില്‍ മുഹമ്മദ് ഷമി ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയത്. വെറും 7 മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 24 വിക്കറ്റുകളാണ് ഷമി പിഴുതെടുത്തത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായി മാറാനും ഇന്ത്യന്‍ പേസര്‍ക്ക് സാധിച്ചു. മൂന്ന് തവണ അഞ്ച് വിക്കറ്റും ഒരു തവണ നാല് വിക്കറ്റും ആണ് ഷമി നേടിയത്.

സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഷമിയുടെ ബൗളിങ് പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് വിട്ട് നല്‍കി ഏഴ് വിക്കറ്റുകള്‍ ആയിരുന്നു ഷമി നേടിയത്. ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരുപിടി ചരിത്രപരമായ അവിസ്മരണീയ റെക്കോഡുകളും ഷമിയെ തേടിയെത്തിയിരുന്നു.

അതേസമയം ഫൈനലില്‍ ഇന്ത്യ 240 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഓസിസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Mohammed Shami react against Mitchell Marsh for putting feet on World Cup trophy.

We use cookies to give you the best possible experience. Learn more