ഷമി ഹീറോയല്ലേ ? മുഹമ്മദ് ഷമിയില്ലാത്ത സെമിഫൈനലിനെതിരെ ആരാധകരോഷം
ICC WORLD CUP 2019
ഷമി ഹീറോയല്ലേ ? മുഹമ്മദ് ഷമിയില്ലാത്ത സെമിഫൈനലിനെതിരെ ആരാധകരോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th July 2019, 5:31 pm

മാഞ്ചസ്റ്റര്‍: മുഹമ്മദ് ഷമിയെ കളിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആരാധകരോഷം. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

ബൗളിങ്ങിന് അനുകൂലമായ മാഞ്ചസ്റ്ററിലെ പിച്ചില്‍ ഷമിക്ക് വിക്കറ്റ് നേടാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. റണ്‍സ് വഴങ്ങിയെങ്കിലും നാല് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഇതില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഹാട്രിക് നേടിയതും ഷമിയായിരുന്നു.

അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്ന ഒന്നായിരുന്നെന്നാണ് പലരും പറയുന്നത്. ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പുറമേ ഹാര്‍ദിക് പാണ്ഡ്യയാണ് പേസ് ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ ഇന്ന് ടീമിലുള്ളത്. യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയുമാണ് രണ്ട് സ്പിന്നര്‍മാര്‍.

ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതാണ് ഷമിയെ ഉള്‍പ്പെടുത്താത്തതിനു കാരണമെന്നും ഒരുകൂട്ടം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരെ തന്റെ അവസാന മൂന്നോവറില്‍ ഷമി വഴങ്ങിയത് 44 റണ്‍സായിരുന്നു. യോര്‍ക്കറുകളില്‍ ഷമി പരാജയപ്പെടുന്നതും അന്നുകണ്ടു.

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുഹമ്മദ് ഷമിയെ കളിപ്പിക്കാതിരുന്നത് ബി.ജെ.പിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് നിരീക്ഷകന്‍ നേരത്തേ അഭിപ്രായപ്പെട്ടത്. ഷൊയ്ബ് അലവി എന്ന ക്രിക്കറ്റ് നിരീക്ഷകനാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയത്.

ആജ് ടി.വിയുടെ ലോകകപ്പ് വിശകലന പരിപാടിയായ ബിഹൈന്‍ഡ് ദി വിക്കറ്റിനിടെയായിരുന്നു അലവിയുടെ പരാമര്‍ശം. പാകിസ്താന്‍ മുന്‍ താരം മോയിന്‍ ഖാനും പരിപാടിയിലുണ്ടായിരുന്നു.

‘മൂന്ന് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് നേടിയ ഒരു താരത്തെ പെട്ടെന്ന് റിസര്‍വ് ബെഞ്ചിലേക്ക് മാറ്റുന്നു. അദ്ദേഹം റെക്കോഡിലേക്ക് കടന്നുകൊണ്ടിരിക്കുകയായിരുന്നു. ടോപ് ടു/ ത്രീ വിക്കറ്റ് ടേക്കറായി അയാള്‍ ഉയര്‍ന്നുവരുമായിരുന്നു. എനിക്ക് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തെ കളിപ്പിക്കാതിരുന്നതില്‍ ടീമിന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ്. മുസ്ലീങ്ങള്‍ മുന്നോട്ടുവരരുത് എന്ന ബി.ജെ.പി അജണ്ടയുടെ ഭാഗമാണോ ഇതെന്ന് ഞാന്‍ സംശയിക്കുന്നു.’- ഇതായിരുന്നു അലവിയുടെ പരാമര്‍ശം. ഇതാദ്യമായല്ല കളിക്കാരുടെ മതത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച രൂപപ്പെടുന്നത്.