| Tuesday, 14th November 2023, 11:12 pm

ആദ്യ ഇന്ത്യക്കാരനാകാന്‍ വേണ്ടത് വെറും മൂന്ന് വിക്കറ്റ്; ഐതിഹാസിക നേട്ടത്തിന് തൊട്ടരികെ ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

തുല്യശക്തികളുടെ പോരാട്ടമാണെങ്കിലും മേല്‍ക്കൈ ഇന്ത്യക്കാണ്. ഈ ലോകകപ്പില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. അതേസമയം, അല്‍പം വിയര്‍ത്തിട്ടാണ് ന്യൂസിലാന്‍ഡിന്റ സെമി പ്രവേശം.

ഇന്ത്യയെ സംബന്ധിച്ച് ഇത് പകപോക്കാനുള്ള അവസരം കൂടിയാണ്. 2019 ലോകകപ്പിന്റെ സെമി ഫൈനലില്‍ തങ്ങളെ തോല്‍പിച്ച അതേ ന്യൂസിലാന്‍ഡിനെ മറ്റൊരു സെമി ഫൈനലില്‍ അതും തങ്ങളുടെ മണ്ണില്‍ ലഭിക്കുന്നു എന്നതാണ് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ഇതിന് പുറമെ സൂപ്പര്‍ താരം മുഹമ്മദ് ഷമി ഒരു ഐതിഹാസിക നേട്ടത്തിന് തൊട്ടരികിലാണ് എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. ലോകകപ്പുകളില്‍ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് നേട്ടമാണ് ഷമിക്ക് മുമ്പിലുള്ളത്.

നിലവില്‍ 28 മത്സരത്തില്‍ നിന്നും 47 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. സെമി ഫൈനലില്‍ മൂന്ന് ന്യൂസിലാന്‍ഡ് വിക്കറ്റ് വീഴ്ത്തുകയാണെങ്കില്‍ ഈ നേട്ടത്തിലേക്ക് ഷമിക്ക് ഓടിയെത്താം.

ഇനിയൊരുപക്ഷേ ന്യൂസിലാന്‍ഡിനെതിരെ വേള്‍ഡ് കപ്പ് വിക്കറ്റുകളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യ സെമിയില്‍ വിജയിക്കുകയാണെങ്കില്‍ ഈ നേട്ടത്തിലെത്താന്‍ ഷമിക്ക് മറ്റൊരു അവസരവും ലഭിക്കും.

ഈ ലോകകപ്പില്‍ വെറും അഞ്ച് മത്സരമാണ് ഷമിക്ക് കളിക്കാന്‍ സാധിച്ചത്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെല്ലാം ബെഞ്ച് വാര്‍മറായിരുന്ന ഷമി ആ മത്സരങ്ങള്‍ കൂടി കളിച്ചിരുന്നെങ്കില്‍ ഇതിനോടകം ഈ നേട്ടത്തിലെത്തുമായിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ആറ് താരങ്ങള്‍ മാത്രമാണ് 50 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക് (ഓസ്‌ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക), വസീം അക്രം (പാകിസ്ഥാന്‍), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്) എന്നിവരാണ് ഇതിന് മുമ്പ് ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഇവര്‍ക്കൊപ്പം എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഷമിക്ക് സാധിക്കും.

നിലവില്‍ 59 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും 52 വിക്കറ്റുള്ള ട്രെന്റ് ബോള്‍ട്ടും ഈ ലോകകപ്പിലാണ് 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഈ ലോകകപ്പിലെ അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ഫൈഫറും ഒരു ഫോര്‍ഫറുമായി 16 വിക്കറ്റാണ് ഷമി നേടിയത്. 9.56 എന്ന ആവറേജിലും 12.00 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ഷമി പന്തെറിയുന്നത്.

നേരത്തെ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ഷമി നേടിയിരുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങളായ സഹീര്‍ കാനെയും ജവഗല്‍ ശ്രീനാഥിനെയും മറികടന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്.

Content highlight: Mohammed Shami need 3 wickets to complete 50 World Cup wickets

We use cookies to give you the best possible experience. Learn more