| Thursday, 5th September 2024, 5:18 pm

അവരാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ബൗളര്‍മാര്‍; തുറന്നുപറഞ്ഞ് മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഷമി നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ തുറുപ്പുചീട്ടായ വിലയിരുത്തുന്ന താരമാണ് ഷമി.

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചത്. പിന്നീട് പരിക്കിനെ തുടര്‍ന്ന് 2024 ഐ.പി.എല്ലും ടി-20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു.

വേഗത കൊണ്ട് ബാറ്റര്‍മാരെ വിറപ്പിച്ച ഷമി ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ഫാസ്റ്റ് ബൗളര്‍മാരെ കുറിച്ച് സംസാരിക്കുകയാണ്. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷമി പ്രിയപ്പെട്ട ഫാസ്റ്റ് ബൗളര്‍മാരെ കുറിച്ച് മനസുതുറന്നത്.

തനിക്ക് ഒരുപാട് ഫാസ്റ്റ് ബൗളര്‍മാരെ ഇഷ്ടമാണെന്നും എന്നാല്‍ പേരെടുത്ത് പറയാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഡെയ്ല്‍ സ്റ്റെയ്നിനെയും വഖാര്‍ യൂനിസിനെയും തെരഞ്ഞെടുക്കുമെന്നാണ് ഷമി പറഞ്ഞത്. ഇതിനൊപ്പം ടീമിലെ തന്റെ വിളിപ്പേരിനെ കുറിച്ചും ഷമി സംസാരിച്ചു.

‘ടീമിലെ എന്റെ വിളിപ്പേര് ലാല എന്നാണ്. ആ കാര്യം നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ. വിരാട് കോഹ്ലിയാണ് എനിക്ക് ആ പേര് നല്‍കിയത്. പിന്നീടാണ് മറ്റുള്ളവര്‍ എന്നെ ആ പേര് വിളിച്ച് തുടങ്ങുന്നത്.

എനിക്ക് ഇഷ്ടപ്പെട്ട ഫാസ്റ്റ് ബൗളര്‍മാര്‍ ഒരുപാട് പേരുണ്ട്. പേരെടുത്ത് പറയാനാണെങ്കില്‍ വഖാര്‍ യൂനിസിനെയും ഡെയ്ല്‍ സ്റ്റെയ്‌നിനേയും ഞാന്‍ പറയും,’ ഷമി പറഞ്ഞു.

അതേസമയം, ഒക്ടബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ട് തിരിച്ചുവരാനാണ് ഷമി ഒരുങ്ങുന്നത്. രഞ്ജിയില്‍ ബംഗാളിന് വേണ്ടിയാണ് താരം പന്തെറിയുക.

ഇത്തവണത്തെ മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന എലീറ്റ് ഗ്രൂപ്പ് സി-യിലാണ് ബംഗാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം അടക്കമുള്ള ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

രഞ്ജി ട്രോഫി 2025 ടീമുകള്‍

എലീറ്റ് ഗ്രൂപ്പ് എ

ബറോഡ
ജമ്മു കശ്മീര്‍
മഹാരാഷ്ട്ര
മേഘാലയ
മുംബൈ
ഒഡീഷ
സര്‍വീസസ്
തമിഴ്‌നാട്

എലീറ്റ് ഗ്രൂപ്പ് ബി

ആന്ധ്ര പ്രദേശ്
ഗുജറാത്ത്
ഹിമാചല്‍ പ്രദേശ്
ഹൈദരാബാദ്
പുതുച്ചേരി
രാജസ്ഥാന്‍
ഉത്തരാഖണ്ഡ്
വിദര്‍ഭ

എലീറ്റ് ഗ്രൂപ്പ് സി

ബംഗാള്‍
ബീഹാര്‍
ഹരിയാന
കര്‍ണാടക
കേരളം
മധ്യപ്രദേശ്
പഞ്ചാബ്
ഉത്തര്‍പ്രദേശ്

എലീറ്റ് ഗ്രൂപ്പ് ഡി

അസം
ചണ്ഡിഗഢ്
ഛത്തീസ്ഗഢ്
ദല്‍ഹി
ജാര്‍ഖണ്ഡ്
റെയില്‍വേയ്‌സ്
സൗരാഷ്ട്ര
തമിഴ്‌നാട്

പ്ലേറ്റ് ഗ്രൂപ്പ്

അരുണാചല്‍ പ്രദേശ്
ഗോവ
മണിപ്പൂര്‍
മിസോറാം
നാഗാലാന്‍ഡ്
സിക്കിം

ഒക്ടോബര്‍ 11നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30നാണ് ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്കൗട്ട് റൗണ്ടുകള്‍ അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്യും.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈ ആദ്യ മത്സരത്തില്‍ ബറോഡയെ നേരിടും. വേദി ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.

Content Highlight: Mohammed Shami names Dale Steyn and Waqar  Yunis as his favorite fast bowlers

We use cookies to give you the best possible experience. Learn more