അങ്ങനെ അക്കാര്യത്തിലും ഒരു തീരുമാനമായി. പരിക്ക് മൂലം വിശ്രമത്തിൽ കഴിയുന്ന ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് പകരക്കാരനെ നിശ്ചയിച്ച് ബി.സി.സി.ഐ. ടി-20 ലോകകപ്പിൽ ബുംറക്ക് പകരം ആരെന്ന ആരാധകരുടെ സസ്പെൻസ് ഒടുവിൽ അവസാനിച്ചിരിക്കുകയാണ്.
സൂപ്പർ താരം മുഹമ്മദ് ഷമിയാണ് ബുംറക്ക് പകരം ടീമിലെത്തുന്നതെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഷമിയായിരിക്കും ബുംറക്ക് പകരം ടീമിലേക്കു വരികയെന്ന് നേരത്തേ തന്നെ സൂചനകയുണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് സംഘാടകർ ഔദ്യോഗികമായി തീരുമാനം അറിയിച്ചത് ഇപ്പോഴാണ്.
ഷമി ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് സന്നാഹ മത്സരങ്ങളിൽ പങ്കെടുക്കും. ഷമിക്ക് പകരം മുഹമ്മദ് സിറാജും ശാർദൂൽ ഠാക്കൂറും റിസർവ് താരങ്ങളായി ഇന്ത്യൻ ടീമിൽ ഇടം നേടി.
ഇതിനിടെ ദീപക് ചാഹറുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇതിനിടെ ചാഹർ വീണ്ടും പരിക്കിന്റെ പിടിയിലായതോടെ ഷമിയുടെ സാധ്യത വർധിക്കുകയായിരുന്നു. ഇപ്പോൾ ബി.സി.സി.ഐ തന്നെ ഷമിയാണ് പകരക്കാരെന്നു ഔദ്യോഗികമായി അറിയിച്ചതോടെ ആഴ്ചകളായി നീണ്ട അനിശ്ചിതത്വവും അവസാനിച്ചിരിക്കുകയാണ്.
2021ൽ യു.എ.ഇയിൽ നടന്ന ടി-20 ലോകകപ്പിലും മുഹമ്മദ് ഷമി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ടൂർണമെന്റിൽ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഇന്ത്യ സെമി ഫൈനൽ പോലും കാണാതെ പുറത്തായതിന് പിന്നാലെ ഷമിയെയും ഇന്ത്യ ഒഴിവാക്കി. അതിനു ശേഷം ടി-20യിൽ ഒരു മത്സരത്തിൽപ്പോലും അദ്ദേഹം പ്ലെയിങ് ഇലവനിൽ ഇല്ലായിരുന്നു.
ടി-20യിൽ ഇന്ത്യൻ ജഴ്‌സിയിൽ കണ്ടില്ലെങ്കിലും കഴിഞ്ഞ ഐ.പി.എല്ലിൽ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ പേസാക്രമണത്തിന് ചുക്കാൻ പിടിച്ചത് ഷമിയായിരുന്നു. മികച്ച പ്രകടനമാണ് മത്സരത്തിൽ താര്ം കാഴ്ച വെച്ചത്.
ഇന്ത്യൻ ടീമിന്റെ പുതുക്കിയ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
Content Highlights: Mohammed Shami named as Jasprit Bumrah’s replacement