ഷമി ഹീറോയാടാ എന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു സെഞ്ചൂറിയന്‍ ടെസ്റ്റില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ എണ്ണം പറഞ്ഞ 5 വിക്കറ്റുകള്‍ കടപുഴക്കിയാണ് മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 200 വിക്കറ്റുകള്‍ എന്ന റെക്കോഡുമിട്ടാണ് ഷമി തന്റെ ദക്ഷിണാഫ്രിക്കന്‍ സംഹാരം പൂര്‍ത്തിയാക്കിയത്.
മത്സരശേഷം റെക്കോഡ് നേട്ടത്തെക്കുറിച്ച ചോദിച്ചപ്പോള്‍ വികാരഭരിതനായായിരുന്നു ഷമിയുടെ മറുപടി. ഷമി എന്ന ക്രിക്കറ്റര്‍ക്ക് വേണ്ടി തന്റെ കുടുംബം അനുഭവിച്ച യാതനകളാണ് താരം പറയുന്നത്.
‘ ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെന്റെ വാപ്പ കാരണമാണ്. വളരെ ചെറിയൊരു ഒരു ഗ്രാമത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. ഇപ്പോഴും അവിടെ വലിയ സൗകര്യങ്ങളൊന്നും വന്നിട്ടില്ല. എന്റെ കോച്ചിംഗ് ക്യാംപ് 30 കിലോമീറ്റര്‍ അകലെയായിരുന്നു. ദിവസവും വാപ്പ എന്നെ ക്യാംപിലെത്തിക്കാന്‍ 30 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുമായിരുന്നു,’ താരം പറയുന്നു.
അപ്പോഴുള്ള ജീവിത സാഹചര്യത്തിലും അവര്‍ തനിക്ക് വേണ്ടിയായിരുന്നു കഷ്ടപ്പെട്ടതെന്നും ജീവിതകാലം മുഴുവന്‍ താനവരോട് കടപ്പെട്ടിരിക്കുന്നവനാണെന്നും ഷമി പറയുന്നു.
ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറായാണ് ഷമി റെക്കോഡിട്ടത്. 55 ടെസ്റ്റുകളില്‍ നിന്നുമാണ് താരം സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഇന്ത്യന്‍ ഇതിഹാസങ്ങളായ കപില്‍ ദേവും ജവഗല്‍ ശ്രീനാഥുമാണ് ഈ നേട്ടം സ്വന്താമാക്കിയത്.
ഒന്നാം ഇന്നിംഗ്‌സില്‍ നിന്നും നേടിയ 146 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 37 റണ്‍സ് നേടിയപ്പോള്‍ പ്രോട്ടീസിന്റെ മുന്നേറ്റം 197 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ബെവുമയും ഡി കോക്കും ഒരു ആളിക്കത്തലിന് ശ്രമിച്ചെങ്കിലും പെട്ടന്ന് തന്നെ കെട്ടുപോവുകയായിരുന്നു.
അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചപ്പോള്‍ രണ്ട് വിക്കറ്റ് വീതം നേടി ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും ഒരു വിക്കറ്റ് നേടി മുഹമ്മദ് സിറാജും ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയാക്കി.
കെ. എല്‍. രാഹുലിന്റെ സെഞ്ച്വറിയുടെയും മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 327 റണ്‍സെടുത്തത്.
ക്യാപ്റ്റന്‍ കോഹ്ലിക്ക് നിര്‍ണായകമായ പരമ്പരയാണിത്. ഏകദിനത്തിലെയും ടി20യിലെയും ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞതിന് ശേഷമുള്ള കോഹ്ലിയുടെ ആദ്യ പരമ്പരയാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mohammed Shami, Fastest 200 wickets by an Indian Pacer, explains reason behind emotional celebration