| Wednesday, 15th November 2023, 9:00 pm

കൈവിട്ടുപോയാലും തിരിച്ചുപിടിച്ചിരിക്കും ഈ ഷമി; ഫൈഫര്‍ മാത്രമല്ല അതിനപ്പുറവും നേടി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ് മികച്ച രീതിയില്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ 199 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു  കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍.

67 പന്തില്‍ 58 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 77 പന്തില്‍ 90 റണ്‍സുമായി ഡാരില്‍ മിച്ചലുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചത്. രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വേയും ആദ്യ ഓവറുകളില്‍ സിറാജിനെയും ബുംറയെയും പരീക്ഷിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ഷമി പന്തെടുത്തതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി.

തന്റെ ആദ്യ പന്തില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ മടക്കിയ ഷമി തൊട്ടടുത്ത ഓവറില്‍ രചിന്‍ രവീന്ദ്രയെയും പുറത്താക്കി.

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും നാലാം നമ്പറില്‍ ഡാരില്‍ മിച്ചലും ഒന്നിച്ചതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വെച്ചു. ടീം സ്‌കോര്‍ 39ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരും മികച്ച പാർടണർഷിപ്പാണ് പടുത്തുയർത്തിയത്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഒരു എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ അമ്പയേഴ്‌സ് കോളില്‍ വില്യംസണ് അനുകൂലമായപ്പോള്‍ മറ്റൊരു തവണ റണ്‍ ഔട്ടില്‍ നിന്നും താരം കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.

ഇതിന് പുറമെ വില്യംസണെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരവും ഇന്ത്യക്ക് ലഭിച്ചിരുന്നു. ജസ്പ്രീത് ബുംറയെറിഞ്ഞ 30ാം ഓവറിലെ അഞ്ചാം പന്തില്‍ ലഭിച്ച വില്യംസണിന്റെ ക്യാച്ച് മുഹമ്മദ് ഷമിക്ക് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാതെ പോയി. വ്യക്തിഗത സ്‌കോര്‍ 52ല്‍ നില്‍ക്കവെയായിരുന്നു വില്യംസണ് വീണ്ടും ജീവന്‍ തിരിച്ചുലഭിച്ചത്. കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് പാഴാക്കിയ മുഹമ്മദ് ഷമിയെ രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ഒരു പറ്റം ആളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ സാക്ഷികളാക്കി പിന്നീട്  ഷമി വാരിക്കീട്ടിയത്  7 വിക്കറ്റുകളായിരുന്നു! ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് കൈ പിടിച്ച് കയറ്റി! സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. നിരവധി റെക്കോഡുകളും വാരിക്കൂട്ടിയായിരുന്നു ഷമി ഇന്ത്യയെ ഫൈനലിലെത്തിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരിന്റെയും സെഞ്ച്വറി കരുത്തിലാണ് നാലിന് 397 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഉയര്‍ന്നത്.

വിരാട് 113 പന്തില്‍ 117 റണ്‍സ് നേടിയപ്പോള്‍ 70 പന്തില്‍ 105 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ വിരാടിന്റെ മൂന്നാം സെഞ്ച്വറിയും ഏകദിനത്തിലെ 50ാം സെഞ്ച്വറി നേട്ടവുമാണിത്.

66 പന്തില്‍ പുറത്താകാതെ 80 റണ്‍സടിച്ച ശുഭ്മന്‍ ഗില്ലിന്റെയും 20 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ ഇന്നിങ്സും ഇന്ത്യക്ക് നിര്‍ണായകമായി.

ന്യൂസിലാന്‍ഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content Highlight: Mohammed Shami dropped Kane Williamson at 52

We use cookies to give you the best possible experience. Learn more