ലോകകപ്പ് മത്സരങ്ങളില്‍ തന്റെ ഹീറോയിക് പ്രകടനം ആവര്‍ത്തിച്ച് മുഹമ്മദ് ഷമി. 2023 ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേടിയാണ് ഷമി തരംഗമായത്.
ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ലോകകപ്പിലെ ആദ്യ നാല് മത്സരത്തിലും ബെഞ്ച് വാര്‍മറായിരുന്ന ഷമിക്ക് കളത്തിലറങ്ങാന്‍ അവസരം ലഭിച്ചത്. ആ അവസരം ഷമി ശരിക്കും വിനിയോഗിക്കുകയും ചെയ്തിരുന്നു.
കിവീസിനെതിരെ പത്ത് ഓവര്‍ പന്തെറിഞ്ഞ് 54 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഫൈഫറാണിത്.
വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി എന്നിവരെയാണ് ഷമി പുറത്താക്കിയത്.
ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഷമിയെ തേടി ഒരു തകര്‍പ്പന്‍ നേട്ടവുമെത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒന്നിലധികം ഫൈഫര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഷമി സ്വന്തമാക്കിയത്.
തന്റെ 12ാമത് ലോകകപ്പ് മത്സരത്തിലാണ് ഷമി ഈ നേട്ടം കൈവരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ 12 മത്സരത്തില്‍ നിന്നും 36 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.
ലോകകപ്പിന്റ ചരിത്രത്തിലെ ആദ്യ 12 മത്സരത്തിന് ശേഷം ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം, ഏറ്റവുമധികം ഫൈഫര്‍ നേടുന്ന താരം, മികച്ച ആവറേജ്, കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് തുടങ്ങിയ നേട്ടങ്ങളെല്ലാം തന്നെ ഷമിയുടെ പേരില്‍ തന്നെയാണ്.
ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത് താരം എന്ന റെക്കോഡാണ് ഷമി ഏറ്റവും പുതുതായി സ്വന്തമാക്കിയത്. 44 വിക്കറ്റുകള്‍ നേടിയ സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥും മാത്രമാണ് ഷമിക്ക് മുമ്പിലുള്ളത്.
ഷമിക്ക് പുറമെ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ധര്‍മശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 273 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്രയുടെയും ഇന്നിങ്‌സാണ് ടീമിന് തുണയായത്.
ഡാരില്‍ മിച്ചല്‍ 127 പന്തില്‍ 130 റണ്‍സ് നേടിയപ്പോള്‍ 87 പന്തില്‍ 75 റണ്‍സാണ് രചിന്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 48 റണ്‍സാണ് നേടിയത്. 23 പന്തില്‍ നിന്നും 28 റണ്‍സുമായി രോഹിത് ശര്‍മയും 19 പന്തില്‍ 20 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
Content Highlight: Mohammed Shami completes fifer against New Zealand