| Wednesday, 15th November 2023, 9:26 pm

തെറ്റ് തിരുത്തിയപ്പോള്‍ പിറന്നത് ഐതിഹാസിക നേട്ടം; ഒന്നാമനും ഏഴാമനുമായി ചരിത്രമെഴുതി ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഇന്ത്യക്കായി 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കി മുഹമ്മദ് ഷമി. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ പുറത്താക്കിയതോടെയാണ് ലോകകപ്പിലെ 50 വിക്കറ്റ് നേട്ടം ഷമി ആഘോഷിച്ചത്.

ഈ നേട്ടം കൈവരിക്കുന്ന ഏഴാമത് മാത്രം താരമാണ് മുഹമ്മദ് ഷമി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഷമിക്ക് പുറെ ആറ് താരങ്ങള്‍ മാത്രമാണ് 50 വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഗ്ലെന്‍ മഗ്രാത്ത് (ഓസ്ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക് (ഓസ്ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക), വസീം അക്രം (പാകിസ്ഥാന്‍), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്) എന്നിവരാണ് ഇതിന് മുമ്പ് ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇവര്‍ക്കൊപ്പമാണ് ഷമി എലീറ്റ് ലീസ്റ്റില്‍ ഇടം നേടിയത്. ഷമിക്ക് പുറമെ ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സ്റ്റാര്‍ക്കും ഈ ലോകകപ്പിലാണ് 50 വിക്കറ്റ് പൂര്‍ത്തിയാക്കിയത്.

സെമി ഫൈനലിന് മുമ്പ് 47 വിക്കറ്റുകളായിരുന്നു ഷമിയുടെ പേരിലുണ്ടായിരുന്നത്. തന്റെ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട ഷമി തൊട്ടടുത്ത ഓവറില്‍ രചിന്‍ രവീന്ദ്രയെയും പുറത്താക്കി.

ന്യൂസിലാന്‍ഡ് സ്‌കോര്‍ 220ല്‍ നില്‍ക്കവെ 33ാം ഓവറിലെ രണ്ടാം പന്തിലാണ് ഷമി കെയ്ന്‍ വില്യംസണെ പുറത്താക്കുന്നത്. ഡാരില്‍ മിച്ചലിനൊപ്പം ചേര്‍ന്ന് 181 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവികളെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ച ക്യാപ്റ്റനെ സൂര്യകുമാറിന്റെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കി.

വില്യംസണെ പുറത്താക്കിയതോടെ മത്സരത്തില്‍ നേരത്തെ വരുത്തിയ പിഴവിന് പ്രായശ്ചിത്തം ചെയ്യാനും ഷമിക്ക് സാധിച്ചു. 29ാം ഓവറില്‍ 52 റണ്‍സെടുത്ത് നില്‍ക്കവെ വില്യംസണിന്റെ ക്യാച്ച് ഷമി വിട്ടുകളഞ്ഞിരുന്നു. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ കൂടിയാണ് ഷമി കൈവിട്ടുകളഞ്ഞതെന്ന് നിിമിങ്ങള്‍ക്കകം വിമര്‍ശനവും ഉയര്‍ന്നു.

എന്നാല്‍ വില്യംസണെ പുറത്താക്കി ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും ഇതോടെ ഷമിക്കായി.

കെയ്ന്‍ വില്യംസണ് പുറമെ ആ ഓവറില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിനെയും ഷമി മടക്കിയിരുന്നു. നേരിട്ട രണ്ടാം പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങി സില്‍വര്‍ ഡക്കായാണ് ലാഥം മടങ്ങിയത്.

അതേസമയം, 36 ഓവര്‍ പിന്നിടുമ്പോള്‍ 231 റണ്‍സിന് നാല് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 93 പന്തില്‍ 105 റണ്‍സുമായി ഡാരില്‍ മിച്ചലും 12 പന്തില്‍ ആറ് റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍.

ആറ് വിക്കറ്റ് കയ്യിലിരിക്കെ 84 പന്തില്‍ നിന്നും 167 റണ്‍സാണ് കിവികള്‍ക്ക് വിജയിക്കാന്‍ ഇനി ആവശ്യമുള്ളത്.

Content Highlight: Mohammed Shami completes 50 World Cup wickets

We use cookies to give you the best possible experience. Learn more