| Monday, 17th October 2022, 10:54 am

ഷമി ന്നാ സുമ്മാവാ... ഇന്ത്യയുടെ ഏറ്റവും മികച്ച അറ്റാക്കിങ് ബാറ്ററെ തന്നെ പുറത്താക്കി എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡിലെ സ്റ്റാന്‍ഡ് ബൈ താരം, എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതോടെ പകരക്കാരനായി മെയ്ന്‍ ടീമിലേക്ക്. സൂപ്പര്‍ താരം മുഹമ്മദ് ഷമി ലോകകപ്പിനെത്തിയത് ഇങ്ങനെയാണ്.

പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയുടെ ചിറകിലേറി തന്നെയാവും ഇന്ത്യ ലോകകപ്പില്‍ പറക്കുക എന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ടി-20 ഫോര്‍മാറ്റില്‍ തന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന് പറഞ്ഞവര്‍ക്ക് മുമ്പില്‍ പലതും തെളിയിക്കാന്‍ തന്നെയാണ് ഷമി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

കൃത്യമായ ലൈനും ലെങ്തുമാണ് ഈ വെറ്ററന്‍ ബൗളറുടെ ആയുധം. ഏത് ലോകോത്തര ബാറ്ററെയും വിറപ്പിക്കാന്‍ പോന്ന തന്റെ ബൗളിങ്ങിന് മൂര്‍ച്ചകൂട്ടുന്ന തിരിക്കിലാണ് ഷമിയിപ്പോള്‍.

നെറ്റ്‌സില്‍ പന്തെറിഞ്ഞ്, വേഗതയെ തുണക്കുന്ന ഓസീസ് പിച്ചില്‍ ആ അഡ്വാന്റേജ് മുതലാക്കാനാണ് ഷമി ഒരുങ്ങുന്നത്.

പ്രാക്ടീസ് സെഷനിടെ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച അറ്റാക്കിങ് ബാറ്റര്‍മാരില്‍ ഒരാളായ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.

നെറ്റ്‌സില്‍ ദിനേഷ് കാര്‍ത്തിക്കിന് ഒന്നും ചെയ്യാന്‍ സാധിക്കാതെ താരത്തിന്റെ കുറ്റി തെറിപ്പിച്ചും വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ ഡിഫന്‍സ് ചെയ്യിച്ചുമാണ് ഷമി പ്രാക്ടീസ് മുമ്പോട്ട് കൊണ്ടുപോകുന്നത്.

ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് പുറമെ ഓസ്‌ട്രേലിയക്കൊപ്പവും ന്യൂസിലാന്‍ഡിനൊപ്പവും സന്നാഹമത്സരവും ഇന്ത്യ കളിക്കും.

ഇതിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങള്‍ ഇന്ത്യ കളിച്ചിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ സന്നാഹമത്സരത്തിനിറങ്ങിയത്. ആദ്യ കളിയില്‍ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം.

വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

പെര്‍ത്തില്‍ വെച്ച് നടന്ന രണ്ടാം സന്നാഹമത്സരത്തിലായിരുന്നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇന്ത്യയെ അട്ടിമറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 132 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

തിങ്കളാഴ്ച ഓസ്ട്രേലിയക്കതിരെ നടക്കുന്ന സന്നാഹമത്സരത്തിന് ശേഷം ഒക്ടോബര്‍ 19ന് നടക്കുന്ന സന്നാഹമത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും.

Content highlight: Mohammed Shami clean bowled Dinesh Karthik in nets

We use cookies to give you the best possible experience. Learn more