| Thursday, 9th February 2023, 12:11 pm

കലി തുള്ളിയ ഷമീടെ പന്തില്‍ റെക്കോഡും പിറന്നു; കപില്‍ ദേവിനും ശ്രീനാഥിനുമൊപ്പം ഇനി ഷമിയുടെ പേരും

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തീ തുപ്പി ഇന്ത്യന്‍ പേസര്‍മാര്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയാണ് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തരംഗമായത്.

ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് മുന്‍നിര വിക്കറ്റുകളും നിലംപൊത്തിയിരുന്നു. ഉസ്മാന്‍ ഖവാജയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി മുഹമ്മദ് സിറാജ് മടക്കിയപ്പോള്‍ ഡേവിഡ് വാര്‍ണറിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മുഹമ്മദ് ഷമി പുറത്താക്കിയത്.

ഡേവിഡ് വാര്‍ണറിനെ പുറത്താക്കിയ ആ പന്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ഷമിയെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത് ഇന്ത്യന്‍ പേസര്‍ എന്ന റെക്കോഡാണ് ഷമിയുടെ പേരില്‍ ചേര്‍ക്കപ്പെട്ടത്.

ഇതിന് മുമ്പ് കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ പേസര്‍മാര്‍.

ടെസ്റ്റില്‍ നിന്ന് 217, ഏകദിനത്തില്‍ നിന്ന് 159, ടി-20യില്‍ 24 എന്നിങ്ങനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് നേട്ടം.

അതേസമയം, തുടക്കത്തില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും പതിയെ കരകയറാന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയയാണ് വിദര്‍ഭയിലെ കാഴ്ച. വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാനും നാലാമന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നത്.

ലഞ്ചിന് പിരിയുമ്പോള്‍ ഓസീസ് 32 ഓവറില്‍ 76ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 110 പന്തില്‍ നിന്നും 47 റണ്‍സ് നേടിയ ലബുഷാനും 74 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.

Content highlight: Mohammed Shami becomes the 5th Indian pacer to take 400 wickets

We use cookies to give you the best possible experience. Learn more