| Wednesday, 18th January 2023, 7:31 pm

പലതരം ഹാട്രിക്കുകള്‍ കണ്ട് കണ്ടുകാണും, എന്നാല്‍ ഇതുപോലെ ഒരു വെറൈറ്റി ഐറ്റം അപൂര്‍വമായിരിക്കും; കസറി സിറാജും ഷമിയും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ യുവതാരം ശുഭ്മന്‍ ഗില്ലിന് പുറമെ ഇന്ത്യയുടെ ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമടങ്ങുന്ന ഇന്ത്യയുടെ പേസ് നിര അക്ഷരാര്‍ത്ഥത്തില്‍ കിവീസിനെ വലിഞ്ഞു മുറുക്കുകയാണ്.

ഇരുവരുടെയും പേസാക്രമണത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ബ്ലാക് ക്യാപ്‌സ് ബാറ്റര്‍മാരെയായിരുന്നു ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കണ്ടത്.

ഷമിയുടെയും സിറാജിന്റെയും പേസാക്രമണത്തിന്റെ തോത് വ്യക്തമാക്കുന്ന കണക്കുകളാണ് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ബോര്‍ഡില്‍ കാണുന്നത്. അതില്‍ തന്നെ രസകരമായ ഒരു സ്റ്റാറ്റും കാണാന്‍ സാധിക്കും.

തുടര്‍ച്ചയായ മൂന്ന് ഓവറുകള്‍ മെയ്ഡനാക്കിക്കൊണ്ടാണ് സിറാജും ഷമിയും തിളങ്ങിയത്. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ ആറ്, ഏഴ്, എട്ട് ഓവറുകളാണ് ഇരുവരും ചേര്‍ന്ന് മെയ്ഡനാക്കിയത്. ഒരര്‍ത്ഥത്തില്‍ അതുമൊരു ഹാട്രിക് തന്നെയായിരുന്നു.

സിറാജ് എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്ത് നേരിടാനെത്തിയത് ഡെവോണ്‍ കോണ്‍വേ ആയിരുന്നു. ആദ്യ മൂന്ന് പന്തില്‍ സിറാജിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതിരുന്ന കോണ്‍വേയെ നാലാം പന്തില്‍ കുല്‍ദീപിന്റെ കൈകളിലെത്തിച്ച് സിറാജ് മടക്കി. ശേഷിക്കുന്ന രണ്ട് പന്തിലും ഹെന്റി നിക്കോള്‍സിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

അടുത്ത ഊഴം മുഹമ്മദ് ഷമിയുടേതായിരുന്നു. ഏഴാം ഓവറില്‍ ഫിന്‍ അലനെയായിരുന്നു ഒറ്റ റണ്‍ പോലും നേടാന്‍ സമ്മതിക്കാതെ ഷമി തടുത്തിട്ടത്. അവസാന പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചിന് സാധ്യതയുണ്ടായിരുന്നെങ്കിലും ഷമിക്ക് അത് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല.

എട്ടാം ഓവര്‍ എറിയാനെത്തിയ സിറാജിനെ ഒന്ന് പരീക്ഷിക്കാന്‍ പോലും ശ്രമിക്കാതെ നിക്കോള്‍സ് തന്റെ വിക്കറ്റ് സേഫാക്കാന്‍ ശ്രമിച്ചതോടെ ആ ഓവറും മെയ്ഡനായി.

കിവീസ് ഇന്നിങ്‌സിന്റെ 14ാം ഓവര്‍ കുല്‍ദീപ് യാദവും മെയ്ഡനാക്കിയിരുന്നു. ഇത്തവണയും റിസീവിങ് എന്‍ഡില്‍ ഹെന്റി നിക്കോള്‍സ് തന്നെയായികുന്നു.

15 ഓവര്‍ പിന്നിടുമ്പോള്‍ 74ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 16 പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടെയും 31 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സിന്റെയും വിക്കറ്റാണ് കിവീസിന് നഷ്ടമായത്.

Content highlight: Mohammed Shami and Muhammed Siraj with brilliant bowling performance in India vs New Zealand 1st ODI

We use cookies to give you the best possible experience. Learn more