ലോകകപ്പിന്റെ ഫൈനലിന് കളമൊരുങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. തങ്ങളുടെ ചരിത്രത്തിലെ ആറാം കിരീടത്തിന് ഓസീസ് തയ്യാറെടുക്കുമ്പോള്‍ പത്ത് വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് മൂന്നാം കിരീടത്തില്‍ മുത്തമിടാനാണ് ഇന്ത്യയൊരുങ്ങുന്നത്.
ലോകകപ്പ് ജേതാക്കള്‍ക്ക് പുറമെ ഇത്തവണത്തെ റണ്‍ വേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും ഫൈനലോടെ അറിയാന്‍ സാധിക്കും. ഈ ലോകകപ്പിലെ റണ്‍ വേട്ടക്കാരന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണെന്ന് ഏറെക്കുറെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 711 റണ്‍സാണ് വിരാട് നേടിയത്. 101.57 എന്ന തകര്‍പ്പന്‍ ശരാശരിയിലും 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സ് നേടിയത്.
രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കും (594) മൂന്ന് നാല് സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രയും (578) ഡാരില്‍ മിച്ചലു (552)മാണ്. 550 റണ്‍സടിച്ച രോഹിത് ശര്‍മയാണ് അഞ്ചാമന്‍. 528 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്താണ്.
സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും പുറത്തായതിനാല്‍ രോഹിത് ശര്‍മക്കും ഡേവിഡ് വാര്‍ണറിനുമാണ് വിരാടിനെ മറികടക്കാന്‍ സാധിക്കുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 150+ റണ്‍സ് വേണമെന്നതിനാല്‍ വിരാട് തന്നെ ഒന്നാമനായി തുടരാനാണ് സാധ്യത.
എന്നാല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ സ്ഥിതി അതല്ല. ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയും ഓസീസ് സൂപ്പര്‍ സ്പിന്നര്‍ ആദം സാംപയുമാണ് മികച്ച ബൗളര്‍ക്കായുള്ള പോരാട്ടത്തില്‍ മുമ്പിലോടുന്നത്.
ഒരു വിക്കറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് ഇരുവരും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. ആറ് മത്സരത്തില്‍ നിന്നും 23 വിക്കറ്റുമായി ഷമി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ പത്ത് മത്സരത്തില്‍ നിന്നും 22 വിക്കറ്റാണ് സാംപക്കുള്ളത്.
സെമി ഫൈനല്‍ പോരാട്ടത്തിലെ ഏഴ് വിക്കറ്റ് നേട്ടമാണ് ഷമിയെ ഒറ്റയടിക്ക് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാക്കിയത്.
മൂന്ന് ഫൈഫറും ഒരു ഫോര്‍ഫറുമടക്കമാണ് ഷമി ആറ് മത്സരത്തില്‍ നിന്നും 23 വിക്കറ്റ് നേടിയത്. 9.13 എന്ന ശരാശരിയിലും 10.91 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ പന്തെറിയുന്നത്. സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ പുറത്തെടുത്ത 7/57 ആണ് മികച്ച പ്രകടനം.
21.40 എന്ന ശരാശരിയിലും 23.45 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സാംപയുടെ വിക്കറ്റ് നേട്ടം. മൂന്ന് ഫോര്‍ഫര്‍ നേടിയ സാംപയുടെ മികച്ച പ്രകടനം നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്.
ഫൈനല്‍ മത്സരത്തില്‍ ഇരുവരുടെയും പോരാട്ടത്തിന് പ്രത്യേക ഫാന്‍ബേസുണ്ട്. ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടത്തിനൊപ്പം സാംപ – ഷമി പോരാട്ടത്തിനും ആരാധകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Mohammed Shami and Adam Sampa to top the list of wicket takers