ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് ഇന്ത്യ ഈ വര്‍ഷം അവസാനം കളിക്കുക. നവംബര്‍ 22 മുതല്‍ ജനുവരി ആദ്യ വാരം വരെയാണ് ഇത്തവണത്തെ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഓസ്‌ട്രേലിയയാണ് ഇത്തവണ പരമ്പരക്ക് ആതിഥേയത്വം വഹിക്കുക. ഏറെ നാളുകള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീരിസിനുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെ മുമ്പില്‍ നിന്നും നയിക്കുന്നവരില്‍ പ്രധാനിയാണ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനാകുന്ന താരം അധികം വൈകാതെ പൂര്‍ണ ആരോഗ്യവാനായി കളത്തിലേക്ക് മടങ്ങിയെത്തും.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ഷമി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് പരമ്പര വിജയത്തെ കുറിച്ച് താരം സംസാരിച്ചത്.
‘ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വിജയിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് ഞങ്ങള്‍ക്ക് തന്നെയാണ്. ഓസ്‌ട്രേലിയ അസ്വസ്ഥരാകുമെന്ന കാര്യത്തില്‍ സംശയമില്ല,’ ഷമി പറഞ്ഞു.
തന്റെ തിരിച്ചുവരവിനെ കുറിച്ചും ഷമി സംസാരിച്ചു.
‘ഞാന്‍ ഇതിനോടകം തന്നെ പന്തെറിയാന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്നിരുന്നാലും പൂര്‍ണ ആരോഗ്യവാനായതിന് ശേഷം മാത്രം, നൂറ് ശതമാനം ഫിറ്റായതിന് ശേഷം മാത്രമായിരിക്കും ഞാന്‍ തിരിച്ചുവരിക. ന്യൂസിലാന്‍ഡിനെതിരെയോ ഓസ്‌ട്രേലിയക്കെതിരെയോ ആയിരിക്കുമത്. എനിക്കെന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കായി പുറത്തെടുക്കണം,’ ഷമി കൂട്ടിച്ചേര്‍ത്തു.
2023 ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന് ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പരിക്ക് വലച്ചതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. ഇപ്പോള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായക മത്സരങ്ങളിലാണ് ഷമിയുടെ തിരിച്ചുവരവ്.
ഇതിന് മുമ്പ് 2020-21ലാണ് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത് . അന്ന് നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ച് ട്രോഫി തിരികെയെത്തിച്ചിരുന്നു.
ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തിലേക്കെത്തുന്നത്.
2016-17 മുതല്‍ ഇതുവരെ ഇന്ത്യ തന്നെയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അധിപന്‍മാര്‍. ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴും ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുമ്പോഴും തോല്‍വി എപ്പോഴും ഓസ്ട്രേലിയക്ക് തന്നെയായിരുന്നു.