Advertisement
Sports News
പന്തെറിയാന്‍ ആരംഭിച്ചു, എന്നാല്‍ ഇപ്പോള്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല: തുറന്നുപറഞ്ഞ് ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 15, 04:51 pm
Sunday, 15th September 2024, 10:21 pm

പരിക്കിന് പിന്നാലെ ആരോഗ്യം വീണ്ടെടുക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി. താന്‍ പന്തെറിയാന്‍ ആരംഭിച്ചെന്നും എന്നാല്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഷമി വ്യക്തമാക്കി.

ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമി തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചത്.

 

‘ഞാന്‍ ഇതിനോടകം തന്നെ പന്തെറിയാന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്നിരുന്നാലും പൂര്‍ണ ആരോഗ്യവാനായതിന് ശേഷം മാത്രം, നൂറ് ശതമാനം ഫിറ്റായതിന് ശേഷം മാത്രമായിരിക്കും ഞാന്‍ തിരിച്ചുവരിക. തിരിച്ചുവരുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ന്യൂസിലാന്‍ഡിനെതിരെയോ ഓസ്ട്രേലിയക്കെതിരെയോ നടക്കുന്ന പരമ്പരയിലായിരിക്കും ഞാന്‍ ടീമിന്റെ ഭാഗമാവുക. ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ പങ്കെടുത്ത് പരിക്ക് പറ്റിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കെന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കായി പുറത്തെടുക്കണം,’ ഷമി പറഞ്ഞു.

നേരത്തെ ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകളെ മുഴുവന്‍ തള്ളിയാണ് ഷമി തിരിച്ചുവരവിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കിയത്.

വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെ കുറിച്ചും താരം സംസാരിച്ചു.

‘ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വിജയിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് ഞങ്ങള്‍ക്ക് തന്നെയാണ്. ഓസ്ട്രേലിയ അസ്വസ്ഥരാകുമെന്ന കാര്യത്തില്‍ സംശയമില്ല,’ ഷമി പറഞ്ഞു.

2023 ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന് ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പരിക്ക് വലച്ചതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.

നവംബര്‍ 22നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആരംഭമാകുന്നത്. ഓസ്‌ട്രേലിയയാണ് ഇത്തവണ പരമ്പക്ക് വേദിയാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീരിസിനുണ്ട്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം 2024

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

നാലാം ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

 

Content highlight: Mohammed Shami about his return