| Monday, 8th April 2024, 8:55 am

ചെകുത്താന്മാരുടെ കോട്ട തകർത്ത ഈജിപ്ഷ്യൻ മാന്ത്രികന് ചരിത്രനേട്ടം; വീഴ്ത്തിയത് ഇംഗ്ലണ്ട് ഇതിഹാസത്തെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന തീപാറും പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തില്‍ ലിവര്‍പൂളിനായി ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായാണ് സമനിലഗോള്‍ നേടിയത്. 84ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി വലയില്‍ എത്തിച്ചുകൊണ്ടാണ് ഈജിപ്ഷ്യന്‍ താരം ലിവര്‍പൂളിനായി സമനില സമ്മാനിച്ചത്.

ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് സലാ സ്വന്തമാക്കിയത്. ഓള്‍ഡ് ട്രാഫോഡില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന വിസിറ്റിങ് താരമായി മാറാനാണ് സലക്ക് സാധിച്ചത്. റെഡ് ഡവിള്‍സിനെതിരെ ഓള്‍ഡ് ട്രാന്‍സ്‌ഫോര്‍ഡില്‍ ആറ് പ്രീമിയര്‍ ലീഗ് ഗോളുകളാണ് സലാ നേടിയിട്ടുള്ളത്. അഞ്ച് ഗോളുകള്‍ നേടിയ മുന്‍ ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാഡിനെ മറികടന്നു കൊണ്ടായിരുന്നു ഈജിപ്ഷ്യന്‍ സൂപ്പര്‍താരത്തിന്റെ മുന്നേറ്റം.

അതേസമയം മത്സരത്തില്‍  4-2- 3-1 എന്ന ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണിനിരന്നത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു ലിവര്‍പൂള്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ ലൂയിസ് ഡയസിലൂടെ ലിവര്‍പൂള്‍ ആണ് ആദ്യം ഗോള്‍ നേടിയത്. ആദ്യപകുതി പിന്നീടുമ്പോള്‍ സന്ദര്‍ശകര്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 50ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ ആതിഥേയര്‍ മറുപടി ഗോള്‍ നേടി. കോബി മെയ്‌നുവിലൂടെ 67ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ഗോളും നേടി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ ആറ് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സലായിലൂടെ ലിവര്‍പൂള്‍ സമനില പിടിക്കുകയായിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്നും 21 വിജയവും എട്ട് സമനിലയും രണ്ടു തോല്‍വിയും അടക്കം 71 പോയിന്റ് അവിടെ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 15 വിജയവും നാല് സമനിലയും 12 തോല്‍വിയുമായി 49 പോയിന്റോടെ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഏപ്രില്‍ 13ന് ബേണ്‍മൗത്തിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. യൂറോപ്പ ലീഗില്‍ ഏപ്രില്‍ 12ന് ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്‍ഡെയെയാണ് ലിവര്‍പൂള്‍ നേരിടുക.

Content Highlight: Mohammed Salah create a new record

We use cookies to give you the best possible experience. Learn more